കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ പ്രസ്‌താവന വലിയ ചർച്ചയായിരിക്കുകയാണ്. സച്ചിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നു. ഇതിനിടയിലാണ് യുവ ക്രിക്കറ്റ് താരം സന്ദീപ് ശർമയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

‘ഇന്ത്യയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കറിയാം, മറ്റുള്ളവർ കാഴ്‌ചക്കാരായി നിന്നാൽ മതി’ എന്ന തരത്തിലുള്ള പരാമർശമാണ് സച്ചിൻ നടത്തിയത്. കർഷക സമരത്തെ പിന്തുണച്ച് പ്രശസ്ത പോപ് ഗായിക റിഹാന അടക്കമുള്ള വിദേശ സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. ഇതിനുള്ള മറുപടിയാണോ സന്ദീപ് ശർമയുടെ വാക്കുകളെന്ന് ചോദ്യം ഉയർന്നിരിക്കുകയാണ്.

‘ഈ ലോജിക് വച്ച് നമ്മളാരും മറ്റൊരാളെ കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല, ഓരോ പ്രശ്‌നങ്ങൾ ഓരോരുത്തരുടെ ആഭ്യന്തരകാര്യമാണല്ലോ’ എന്ന തലക്കെട്ടോടെയാണ് സന്ദീപ് ശർമയുടെ ചോദ്യം.

” ഇന്ത്യയിലെ കർഷകരെ പിന്തുണയ്‌ക്കാനാണ് റിഹാന ലോകത്തോട് ആവശ്യപ്പെട്ടത്.

എന്നാൽ, കർഷകരെ പിന്തുണയ്‌ക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള നിരവധി പേർ വിഖ്യാത ഗായികയായ റിഹാനെയെ വിമർശിച്ചു, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞുകൊണ്ട്..,

ഈ ലോജിക് പ്രകാരമാണെങ്കിൽ, ജർമനി ജൂതരെ കൂട്ടക്കൊല ​ചെയ്യു​മ്പോ​ൾ പുറത്തുനിന്നുള്ളവർക്ക്​ വിമർശിക്കാൻ സാധിക്കുമോ ?

പാക്കിസ്ഥാനിൽ സിഖ്​, അഹ്​മദി, ഹിന്ദു, ക്രിസ്​ത്യൻ വിഭാഗങ്ങളെ പീഡിപ്പിക്കുമ്പോൾ പുറത്തുനിന്നുള്ളവർക്ക്​ ഇടപെടാൻ സാധിക്കുമോ ?

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കറുത്ത വംശജർക്കെതിരായ വിവേചനങ്ങൾക്കെതിരെ അമേരിക്കയുടെ പുറത്തുള്ളവർക്ക് വിമർശനമുന്നയിക്കാൻ സാധിക്കുമോ ?

ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ ?

ഇന്ത്യയില്‍ മുസ്‍ലിംകള്‍ക്കെതിരെയും സിഖുകാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ? ”

എന്നാൽ, അധികം താമസിയാതെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. സച്ചിൻ നടത്തിയ പരാമർശത്തെ ചോദ്യം ചെയ്യുന്ന പ്രസ്‌താവനയാണ് അക്ഷരാർഥത്തിൽ സന്ദീപ് ശർമയുടേത്.  ഐപിഎല്ലിൽ 109 മത്സരങ്ങളിൽ നിന്ന് 92 വിക്കറ്റ് നേടിയ താരമാണ് സന്ദീപ് ശർമ.

കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്രവും നടത്തിയത്. ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളാണ് സെലിബ്രിറ്റികൾ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വസ്‌തുതകൾ പരിശോധിക്കാതെയും യാഥാർഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര സർക്കാർ ആരോപിച്ചു.

Read Also: ട്രോളൻമാർ സച്ചിനെ ബൗള്‍ഡാക്കി; ഷറപ്പോവയ്‌ക്ക് മാപ്പ് പറഞ്ഞ് മലയാളികൾ

ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്‌ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വീറ്റിലില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook