ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ ലിവര്‍പൂള്‍ ഗോളി കരിയസിന് ആരാധകരുടെ വധഭീഷണി. കരിയസിന്റെ പിഴവുകള്‍ മുതലെടുത്താണ് റയല്‍ ലിവര്‍പൂളിനെതിരെ ഗോളുകള്‍ നേടിയത്. ഇതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരുന്നത്.

താരത്തേയും കുടുംബത്തേയും വധിക്കുമെന്നടക്കം സോഷ്യല്‍ മീഡിയയിലും മറ്റും ആരാധകര്‍ ഭീഷണി മുഴക്കുന്നുണ്ട്. മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് കരിയസ് ചെയ്തതെന്നും അതിനുള്ള ശിക്ഷ മരണമാണെന്നുമാണ് ഭീഷണികള്‍.

ഒന്നിനെതിരെ രണ്ട് മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. ഇതില്‍ രണ്ടു ഗോളുകളും കരിയസിന്റെ പിഴവ് മുതലെടുത്താതായിരുന്നു. കരീം ബെന്‍സേമയുടെ ആദ്യ ഗോളായിരുന്നു കരിയസിന്റെ ആദ്യ പിഴവ്. പന്ത് ത്രോ ചെയ്ത് കൊടുക്കുന്നതില്‍ കരിയസ് വരുത്തിയ പിഴവ് മുതലെടുത്താണ് ബെന്‍സേമ ഗോള്‍ നേടിയത്. പിന്നീട് ഗാരത് ബെയ്ല്‍ നേടിയ രണ്ടാം ഗോളും കരിയസിന്റെ അബദ്ധത്തില്‍ നിന്നുമായിരുന്നു.

ബെയ്‌ലിന്റെ ലോങ് ഷോട്ട് തടുക്കുന്നതിലും ജഡ്ജ് ചെയ്യുന്നതിലും കരിയസ് വരുത്തി വെച്ച പിഴവാണ് ഗോളായി മാറിയത്. തോല്‍വിയ്ക്ക് പിന്നാലെ താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയയിലും പുറത്തുമായി ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്റെ മോശം പ്രകടനത്തില്‍ കരിയസ് ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. തനിക്ക് രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു കരിയസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതേസമയം, താരത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook