ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ റൺഔട്ടായത് ഉദാസീനതകൊണ്ടാണെന്ന് ആരാധകർ സമ്മതിക്കുന്നുണ്ട്. പക്ഷേ പാണ്ഡ്യയ്ക്ക് മാത്രമല്ല പല മുൻതാരങ്ങളും ഇത്തരത്തിൽ അമളി പറ്റിയുണ്ടെന്നും ആരാധകർ പറയുന്നു. പാണ്ഡ്യ കാട്ടിയ തെറ്റിന് താരത്തെ അഹങ്കാരിയെന്നു വിളിച്ചാലോ? ആരാധകർ പിന്നെ വെറുതെ ഇരിക്കുമോ?. പാണ്ഡ്യയെ അഹങ്കാരിയെന്നു വിളിച്ച കമന്റേറ്റർ സഞ്ജയ് മഞ്ചരേക്കറെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുകയാണ് പാണ്ഡ്യ ആരാധകർ.

Read More: ഹാർദിക് പാണ്ഡ്യയുടേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഗവാസ്കർ; കാട്ടിയത് ബെൻ സ്റ്റോക്സിന്റെ മണ്ടത്തരമെന്ന് ആരാധകർ

പാണ്ഡ്യയുടെ റൺഔട്ടിനെ വിമർശിച്ച് സുനിൽ ഗവാസ്കർ അടക്കം രംഗത്ത് വന്നിരുന്നു. പക്ഷേ ക്രിക്കറ്റ് കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ചരേക്കറുടെ ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചത്. ആത്മവിശ്വാസമാകാം, പക്ഷേ അത് അഹങ്കാരം ആയാൽ ഇതായിരിക്കും അവസ്ഥയെന്നാണ് പാണ്ഡ്യയുടെ റൺഔട്ടിനെക്കുറിച്ച് സഞ്ജയ് ട്വീറ്റ് ചെയ്തത്. പാണ്ഡ്യയെ അഹങ്കാരിയെന്നു വിളിച്ചത് ആരാധകർക്ക് പിടിച്ചില്ല. സഞ്ജയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിട്ടുളളത്.

67-ാം ഓവറിൽ റബാദയുടെ ബോളിലായിരുന്നു പാണ്ഡ്യ റൺഔട്ട് ആയത്. റബാദയുടെ ബോൾ നേരിട്ട പാണ്ഡ്യ റണ്ണിനായി ഓടിയെങ്കിലും കോഹ്‌ലി ക്രീസിലേക്ക് മടങ്ങിപ്പോകാൻ നിർദേശം നൽകി. പാണ്ഡ്യ ഓടി ക്രീസിലെത്തിലെത്തിയെങ്കിലും വെർണോൺ ഫിലാൻഡറിന്റെ കൈകളിലെത്തിയ ബോൾ സ്റ്റംപിനുനേർക്ക് എത്തുകയും കുറ്റി തെറിക്കുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാണ്ഡ്യയുടെ കാലോ ബാറ്റോ ക്രീസിൽ തൊട്ടില്ലായിരുന്നു. ഇതു മനസ്സിലാക്കാതെ സ്റ്റംപിൽ തട്ടിയ ബോൾ ദൂരേക്ക് പോയപ്പോൾ പാണ്ഡ്യ അടുത്ത റൺസിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ നൽകി. റീപ്ലേകളിൽ പാണ്ഡ്യയുടേത് വിക്കറ്റാണെന്ന് തെളിയുകയും ചെയ്തു.