ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ എന്നാണ് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് അറിയപ്പെടുന്നത്. വിവാദങ്ങള്‍ക്കൊന്നും ഇതുവരെ തന്റെ കരിയറില്‍ സ്ഥാനം കൊടുക്കാതിരുന്ന ദ്രാവിഡ് കളത്തിന് അകത്തും പുറത്തും മാന്യത കാത്തുസൂക്ഷിച്ചിട്ടുണ്ട്. എം ടിവിയുടെ ബക്ര എന്ന പ്രാങ്ക് പരിപാടിയില്‍ മുമ്പ് ദ്രാവിഡ് പങ്കെടുത്ത വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുളള ആ വീഡിയോ ഇപ്പോള്‍ പ്രചരിക്കാന്‍ കാരണം ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും ആണ്.

ടിവി ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതിന്റെ പേരില്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു കെ.എല്‍.രാഹുലും ഹാര്‍ദിക് പണ്ഡ്യയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ സിഒഎ തലവന്‍ വിനോദ് റായ് ഇരുവരോടും വിശദീകരണം നല്‍കാന്‍ നിർദ്ദേശിക്കുകയായിരുന്നു.

അതേസമയം, ദ്രാവിഡ് മുമ്പ് നല്‍കിയ അഭിമുഖമാണ് ക്രിക്കറ്റ് ആരാധകര്‍ ഇരുതാരങ്ങൾക്കു മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോള്‍ ദ്രാവിഡ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ക്രിക്കറ്റ് താരങ്ങള്‍ കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹം ചെയ്യുമോയെന്ന് അവതാരക ചോദിച്ചപ്പോള്‍ ദ്രാവിഡ് മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. പെണ്‍കുട്ടി കൈ പിടിച്ചെങ്കിലും ദ്രാവിഡ് തട്ടിമാറ്റി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പിന്നീട് ഇതൊരു പ്രാങ്ക് പരിപാടിയാണെന്ന് അറിയാതെ പെണ്‍കുട്ടിയെ ദ്രാവിഡ് ഉപദേശിക്കുകയും ചെയ്തു. ഇപ്പോള്‍ പഠിക്കാനുളള സമയമാണെന്നും ഇത്തരം കാര്യങ്ങള്‍ പിന്നീട് മാത്രമേ ആലോചിക്കാവൂ എന്നും ദ്രാവിഡ് അവതാരകയോട് പറയുന്നുണ്ട്.

ഹാർദിക് പാണ്ഡ്യയെ ലക്ഷ്യമിട്ടാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയുടെ സ്വഭാവം അനുസരിച്ചാണ് താന്‍ പ്രതികരിച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസം പാണ്ഡ്യ വിശദീകരിച്ചത്. പിന്നാലെ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

”എന്റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോയ്ക്കിടയില്‍ ഞാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയത്. സംഭവിച്ച് പോയതില്‍ എനിക്ക് അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങളിലൂടെ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ഞാന്‍ ശ്രമിച്ചിട്ടില്ല,” ഹാര്‍ദിക് ബിസിസിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. പരിപാടിയുടെ ഒഴുക്കില്‍ പറഞ്ഞുപോയതാണ് അതെല്ലാം. എന്റെ പ്രസ്താവനകള്‍ അധിക്ഷേപകരമായി ആര്‍ക്കെങ്കിലും തോന്നുമെന്നും കരുതിയില്ല. സമാനമായ സംഭവങ്ങള്‍ ഇനി എന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായും, ബിസിസിഐയ്ക്ക് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ മറുപടി എന്ന നിലയില്‍ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ