ധാക്ക: സൂപ്പര്‍താരത്തിനായി തെരുവിലിറങ്ങി ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസനെതിരായ ഐസിസിയുടെ നടപടിക്കെതിരെയാണ് ജനങ്ങള്‍ രംഗത്തിറങ്ങിയത്.

ഷാക്കിബിന്റെ നാടായ മഗുറയിലും ധാക്കയിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ആരാധകര്‍ തെരുവില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രതിഷേധം അറിയിച്ചത്. വിലക്ക് പിന്‍വലിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. താരത്തിന് പിന്തുണയുമായി സഹതാരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഷാക്കിബ് ഇല്ലാത്ത ബംഗ്ലാദേശ് ടീമിനെ കുറിച്ച് ചിന്തിക്കുക പോലും സാധ്യമല്ലെന്നാണ് ആരാധകരും സഹതാരങ്ങളും പറയുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടക്കമുള്ളവര്‍ ഷാക്കിബിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Read More: ‘നീ ഇല്ലാതെ ഗ്രൗണ്ടിലേക്ക്, ചിന്തിക്കാനാവുന്നില്ല ഷാക്കിബ്’; ഞങ്ങള്‍ നിനക്കൊപ്പമുണ്ട്

അഴിമതി വിരുദ്ധ നിയമത്തിലെ മൂന്ന് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഷാക്കിബിനെതിരെയുള്ള നടപടി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്നതില്‍ ഏറെ ദുഃഖമുണ്ടെന്ന് ഷാക്കിബ് പറഞ്ഞു. എങ്കിലും ഐസിസിയുടെ നടപടി അംഗീകരിക്കുന്നുവെന്നും ഷാക്കിബ് വ്യക്തമാക്കി.

രണ്ടു വര്‍ഷത്തേക്കു വിലക്കാനാണ് ഐസിസി തീരുമാനിച്ചതെങ്കിലും താരം കുറ്റസമ്മതം നടത്തിയതിനാല്‍ നടപടി ഒരു വര്‍ഷത്തേക്ക് ചുരുക്കി. ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരമാണ് ഷാക്കിബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വിലക്കിനു ശേഷം 2020 ഒക്ടോബര്‍ 29 നു ഷാക്കിബിനു ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook