മുംബൈ: സമീപകാലത്ത് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് നേടിയ ജനപ്രീതി ഏതൊരു കായിക പ്രേമിയേയും സന്തോഷിപ്പിക്കുന്നതാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി മുതല്‍ വിരാട് കോഹ്ലി വരെയുളള നായകന്മാരേയും ഇതിഹാസ താരങ്ങളേയും നെഞ്ചിലേറ്റി നടന്നിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, ജുലന്‍ ഗോസ്വാമി, സ്മൃതി മന്ദാന തുടങ്ങിയ പേരുകളെല്ലാം സുപരിചിതമാണ്.

വനിതാ ക്രിക്കറ്റിനുള്ള ഈ ജനപ്രീതിയാണ് ഐപിഎല്ലിനിടെ വനിതാ ട്വന്റി-20 മത്സരം നടത്താനടക്കം ബിസിസിഐ തീരുമാനിച്ചതിന് പിന്നില്‍. ആരാധക പിന്തുണ വളരുന്നത് അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡുകളും കൂടുതല്‍ മത്സരങ്ങള്‍ അനുവദിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്കിടയില്‍ ഐസിസി വിവേചനം കാണിക്കുന്നു എന്നാണ് ആരോപണം.

ആരോപണങ്ങള്‍ക്ക് ഉറവിടം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റിലെ സമ്മാനത്തുകയിലെ അന്തരമാണ്. പുരുഷതാരങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനമായി നല്‍കുമ്പോള്‍ വനിതാ താരങ്ങള്‍ക്ക് തുച്ഛമായ തുകയാണ്.

ഏഷ്യാകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ വെറും 27 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ വിജയം നേടിയത്. 142 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയിലെ താരമായ മിതാലി രാജിന് നല്‍കിയ സമ്മാനത്തുക കുറഞ്ഞ് പോയെന്നാണ് ആരാധകരും മറ്റും ഇപ്പോള്‍ ആരോപിക്കുന്നത്.

കളിയിലെ താരമായ മിതാലിക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കിയത് 250 യു എസ് ഡോളര്‍ മാത്രമായിരുന്നു. 250 യുഎസ് ഡോളറിന്റെ ഇന്ത്യന്‍ മൂല്യം 17000 രൂപയ്ക്കടുത്ത് മാത്രമാണ്. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനത്തുക നല്‍കുന്ന സ്ഥാനത്താണ് മിതാലിയ്ക്ക് ഇത്രയ്ക്ക് തുച്ഛമായ തുക നല്‍കിയത്. വനിതാ താരങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook