അബുദാബി: സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയണൽ മെസിയും. ലോകത്തിന്റെ മുക്കിലും മൂലയിലും ഇരുവർക്കും വൻ ആരാധക പിന്തുണയുണ്ട്. ഇവരിൽ കേമൻ ആരാണെന്നുള്ള തർക്കം വർഷങ്ങളായി ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിച്ച് മെസി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിച്ച് ലിയണൽ മെസി ആരാധകർ രംഗത്ത് വന്നത് . ക്ലബ് ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനൽ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോ​ റൊണാൾഡോയെ ആരാധകർ പ്രകോപിപ്പിച്ചത്. ‘മെസി…മെസി’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ആരാധകർ ക്രിസ്റ്റ്യാനോയെ സ്വീകരിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. സ്റ്റേഡിയത്തിലെ ഭൂരിഭാഗം കാണികളും മെസി…മെസി എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നാൽ ദേഷ്യത്തോടെയാണ് റൊണാൾഡോ ഇതിനെതിരെ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

എന്നാൽ മത്സരത്തിൽ തകർപ്പൻ ഒരു ഗോൾ സ്വന്തമാക്കി റൊണാൾഡോ മെസി ആരാധകരുടെ വായടപ്പിച്ചു. ഫിഫ ക്ലബ് ലോകകപ്പിന്രെ സെമി പോരാട്ടത്തിൽ ഏഷ്യൻ ജേതാക്കളായ അൽ ജസീറ ക്ലബിനെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. മത്സരത്തിന്റെ 53 ആം മിനുറ്റിലാണ് റൊണാൾഡോ അൽജസീറയുടെ വലകുലുക്കിയത്. ഇതോടെ ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (6) നേടുന്ന താരമെന്ന നേട്ടം റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. . 5 ഗോളുകൾ എന്ന ലിയണൽ മെസിയുടേയും ലൂയി സൂവാരലിന്റേയും റെക്കോഡാണ് റൊണാൾഡോ ഇന്നലെ തിരുത്തി കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ