11.5 ഓവര്‍, 20 റണ്‍സ്, പത്ത് വിക്കറ്റ്, ഇങ്ങനെ ഒരു മത്സരം അവസാനിക്കുമോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. അതുപോലൊന്ന് സംഭവിച്ചിരിക്കുകയാണ്. ഇതെന്ത് കഥയെന്ന് ചിന്തിക്കുന്നവര്‍ ഐസിസിയുടെ വേള്‍ഡ് ടി-ട്വന്റി ഏഷ്യന്‍ മേഖലാ യോഗ്യത റൗണ്ട് മത്സരത്തിലെ മ്യാന്മറും മലേഷ്യയും തമ്മിലുള്ള കളിയുടെ സ്‌കോര്‍ ബോര്‍ഡ് നോക്കിയാല്‍ മതി.

മഴയെ വെല്ലുന്ന വിക്കറ്റ് പെയ്‌ത്ത് മൈതാനത്ത് നടന്നപ്പോള്‍ ഇത് കെട്ടുകഥയോ സ്വപ്നമോ ആണെന്ന് തിരിച്ചറിയാനാകാതെ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മ്യാന്‍മര്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സ് നേടിയപ്പോള്‍, മലേഷ്യ 10 പന്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത മ്യാന്‍മര്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു മഴ വില്ലനായെത്തുന്നത്. ഇതോടെ കളി നിർത്തി വയ്ക്കേണ്ടി വന്നു. മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ ആറു റണ്‍സായി പുനര്‍നിര്‍ണയിച്ചു.

മലേഷ്യന്‍ താരം പവന്‍ദീപ് സിങ്ങിന്റെ ബോളിങ്ങാണ് മ്യാന്‍മറിനെ വട്ടംകറക്കിയത്. നാല് ഓവർ എറിഞ്ഞ പവന്‍ദീപ് മൂന്ന് മെയ്ഡനടക്കും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. മ്യാന്‍മര്‍ നിരയില്‍ ആറു പേരാണ് പൂജ്യത്തിനു പുറത്തായത്. മൂന്നു റണ്‍സെടുത്തു പുറത്താകാതെ നിന്ന കോ ഓങ്ങാണ് അവരുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍നിന്നാണ് ഓങ് മൂന്നു റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ലിന്‍ ഓങ് 17 പന്തില്‍ രണ്ടു റണ്‍സെടുത്തപ്പോള്‍, മ്യാന്‍മര്‍ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായ ലിന്‍ ഊ ഏഴു പന്തില്‍ ഒരു റണ്ണെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ