FIFA World Cup 2022: ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസിക്ക് ലോകകിരീടമില്ലാതെ കളം വിടാന്‍ സാധിക്കുമോ? ഫൈനലില്‍ അര്‍ജന്റീന വിജയിക്കാനുള്ള ഭാഗ്യസാധ്യതകളെല്ലാം കൂട്ടിവായിക്കുന്ന തിരക്കിലാണ് ഫുട്ബോള്‍ ആരാധകര്‍. ഏറെക്കുറെ സമാനമായ ഒന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
ഇത്തവണ ഫുട്ബോള്‍ താരങ്ങളെയോ ചരിത്രത്തെയോ ഒന്നുമല്ല മെസി ആരാധകര്‍ ചേര്‍ത്ത് വച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും അദ്ദേഹത്തിന്റെ ലോകകപ്പിലെ ജൈത്രയാത്രയുമാണ്. ഫുട്ബോളില്‍ മെസിയെന്താണൊ അതു തന്നെയാണ് ക്രിക്കറ്റില്‍ സച്ചിന്റേയും സ്ഥാനം. രണ്ട് പേരും അസാമാന്യ പ്രതിഭകള്‍, പത്താം നമ്പരുകാരും.
ആരാധകരുടെ താരതമ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് അനുസരിച്ചാണ് കാര്യങ്ങളുടെ മുന്നോട്ട് പോക്കെങ്കില്‍ അര്‍ജന്റീന കിരീടം ചൂടുമെന്നതില്‍ സംശയിക്കേണ്ടതില്ല. തന്റെ ഐതിഹാസിക കരിയറിലെ അവസാന ലോകകപ്പിലാണ് സച്ചിന് വിശ്വകിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.
അന്ന് സെമിയില്‍ പാക്കിസ്ഥാനെതിരെ കളിയിലെ താരമായത് സച്ചിനായിരുന്നു. അതിന് മുന്‍പ് കിരീടത്തിന് തൊട്ടരികില്‍ എത്തിയത് 2003-ലാണ്. അതായത് എട്ട് വര്‍ഷം മുന്‍പ്. അന്നത്തെ ലോകകപ്പിന്റെ താരം സച്ചിനായിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇതിന് സമാനമാണ് മെസിയുടേയും ലോകകപ്പ് ജീവതം. ഖത്തറിലേത് മെസിയുടെ അവസാന ലോകകപ്പാണ്. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ കളിയിലെ താരമായതും മെസി തന്നെ. ഇതിന് മുന്‍പ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തിയത് 2014-ലാണ്, എട്ട് വര്‍ഷം മുന്‍പ്.
2014 ലോകകപ്പ് മെസി കണ്ണീരണിഞ്ഞ ടൂര്‍ണമെന്റായിരുന്നു. ഫൈനലില്‍ ജര്‍മനിയോടായിരുന്നു പരാജയം. മരിയൊ ഗോട്ട്സെയുടെ ഏക ഗോളിലായിരുന്നു ജര്‍മനിയുടെ കിരീട നേട്ടം. ലോകകപ്പ് നേടാനായില്ലെങ്കിലും ടൂര്‍ണമെന്റിന്റെ താരമായി മെസി തിരഞ്ഞെടുക്കപ്പെട്ടു.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകകപ്പ് ഫൈനലിലേക്ക് മെസി എത്തിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് എതിരാളികള്‍. 18-ാം തീയതി രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.