ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇക്കുറി വലിയ ആവേശത്തിലാണ് നടക്കുന്നത്. ടീമുകളെല്ലാം മുൻപത്തേതിലും ശക്തരായപ്പോൾ കളിയുടെ ആവേശവും വർദ്ധിച്ചു. ഇക്കുറി ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ അണിനിരത്തി കപ്പടിക്കാൻ ഒരുങ്ങിവന്ന ടീമാണ്  ജെംഷഡ്പൂര്‍ എഫ്‌സി.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഐഎസ്എൽ ടീം. മറ്റ് ടീമുകളേക്കാൾ മാനേജ്മെന്റിന്റെ വൈദഗ്ദ്ധ്യം ഈ ടീമിനെ ഒരുപടി മുകളിലാണ് നിർത്തുന്നതെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ആരാധകരെ ടീമിനൊപ്പം ആവേശത്തോടെ നിർത്താനും ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും മാനേജ്മെന്റ് നടത്തുന്ന ഇടപെടലുകൾ ചെറുതല്ല.

തങ്ങളുടെ എല്ലാ എവേ മത്സരം നടക്കുമ്പോഴും ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കുകയാണ് ടീം. ഇത് ടീമിനൊപ്പം ആരാധകരെ സജീവമാക്കി നിർത്താൻ ഉപകരിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

ജംഷഡ്‌പൂരിലും സമീപ നഗരങ്ങളിലുമായി വലിയ സ്‌ക്രീനില്‍ ടീമിന്റെ എവേ മത്സരങ്ങള്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കാണാന്‍ സാധിക്കും. ഇതാണ് ഫാൻ പാർക്കെന്ന ആശയം. ആരാധകരെ ഏകീകരിക്കാനുളള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഫാൻ പാർക്ക് എന്ന ആശയത്തിന് ജീവൻ നൽകിയത്.  ഇതിനോടകം രണ്ടു ഫാന്‍പാര്‍ക്കുകളാണ് ടീം മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്. ഇവയിലൊന്നായ ജംഷഡ്പൂരിലെ മോഡി ഗാര്‍ഡനില്‍ മാത്രം കഴിഞ്ഞ തവണ എണ്ണായിരത്തോളം പേരാണ് കളി കാണാനെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ