പുണെ: സംഗതി ഇന്നലത്തെ മൽസരത്തിലെ താരം സെഞ്ചുറി അടിച്ച ഷെയ്ന്‍ വാട്‌സണ്‍ ആണെങ്കിലും ഒറ്റ സെക്കന്റുകൊണ്ട് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് ഒരു ആരാധകനാണ്. കട്ട ധോണി ആരാധകരുടെ എല്ലാം അസൂയയ്ക്കും ഈ യുവാവ് പാത്രമായിട്ടുണ്ടാകുമെന്നുറപ്പാണ്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് നടന്നു കൊണ്ടിരിക്കെയാണ് സംഭവം. 46 റണ്‍സെടുത്ത് സുരേഷ് റെയ്‌ന പുറത്തായതിന് പിന്നാലെ എം.എസ്.ധോണിയെന്ന ചെന്നൈയുടെ തല ക്രീസിലേക്ക് എത്തുന്നു. ഇതിനിടെ ഗ്യാലറിയില്‍ നിന്നും ഓടിയെത്തിയ ഒരു ആരാധകന്‍ വന്ന് ധോണിയുടെ കാലുകളില്‍ വീഴുന്നു.

തന്റെ പാദം സ്‌പര്‍ശിച്ച ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് രണ്ട് വാക്ക് സംസാരിച്ച ശേഷം ധോണി ക്രീസിലേക്ക് നടന്നു. ആനന്ദത്തിന്റെ കണ്ണീര്‍ പൊഴിച്ചു കൊണ്ട് ആ യുവാവ് ഗ്യാലറിയിലേക്ക് മടങ്ങി. ഇഷ്ടതാരത്തിന്റെ കാലില്‍ വീഴുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മുമ്പും ധോണിയ്ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രാജസ്ഥാനെതിരെ ഷെയ്ന്‍ വാട്സണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയം കൊയ്തത്. 51 പന്തില്‍ നിന്നും സെഞ്ചുറി നേടിയാണ് വാട്സണ്‍ പുണെയിലേക്കുള്ള ചെന്നൈയുടെ ഗൃഹപ്രവേശം ആഘോഷിച്ചത്. ഒമ്പത് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് വാട്സണിന്റെ ഇന്നിങ്സ്. 57 പന്തില്‍ നിന്നും 106 റണ്‍സെടുത്താണ് വാട്‌സണ്‍ പുറത്തായത്. വാട്‌സണിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറാണിത്.

ചെന്നൈ ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം മുതലേ പിഴക്കുകയായിരുന്നു. രാജസ്ഥാന്റെ ഇന്നിങ്സ് 140ല്‍ അവസാനിക്കുകയായിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ അൽപമെങ്കിലും പൊരുതി നിന്നത് ബെന്‍ സ്റ്റോക്സ് മാത്രമാണ്. 45 റണ്‍സെടുത്ത സ്റ്റോക്സാണ് അവരുടെ ടോപ് സ്‌കോറര്‍.

നേരിട്ട ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് വാട്സണ്‍ പിന്തുടര്‍ന്നിരിക്കുന്നത്. അതേസമയം, ഓപ്പണര്‍ അമ്പാട്ടി റായിഡു 12 റണ്‍സെടുത്ത് കൂടാരം കണ്ടപ്പോള്‍ സുരേഷ് റെയ്ന 46 റണ്‍സുമായി വാട്സണിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്. വാട്‌സണിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ചെന്നെ 20 ഓവറില്‍ 204 റണ്‍സ് നേടി.

അതേസമയം, പരുക്കിന്റെ പിടിയിലുള്ള നായകന്‍ എം.എസ്.ധോണി അഞ്ച് റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന ബില്ലിങ്സും രണ്ടക്കം കാണാതെ പുറത്തായെങ്കിലും വാട്സണ്‍ ഒരറ്റത്ത് നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ചെന്നൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നലെ സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറിയ്ക്ക് പിന്നാലെയാണ് ഐപിഎല്ലില്‍ മറ്റൊരു സെഞ്ചുറി പിറക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ