ന്യൂസിലന്റിനെതിരെ ട്വന്റി 20 പരമ്പര കൈവിട്ടിരിക്കുകയാണ് മൂന്നാം ടി20യില്‍ നാല് റണ്‍സിനായിരുന്നു കിവികളുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 2-1ന് സ്വന്തമാക്കി. 213 എന്ന വിജയക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ആറിന് 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി വിജയ് ശങ്കര്‍ (28 പന്തില്‍ 43) റിഷബ് പന്ത് (12 പന്തില്‍ 28) രോഹിത് ശര്‍മ്മ (32 പന്തില്‍ 38) ഹാര്‍ദ്ദിക്ക് പാണ്ഡ്യ (11 പന്തില്‍ 21) എന്നിവര്‍ തിളങ്ങി. ശിഖര്‍ ധവാന്‍(5) മാത്രമാണ് മുന്നേറ്റനിരയില്‍ നിരാശപ്പെടുത്തിയത്.

ഇന്ത്യ പരാജയപ്പെട്ടെങ്കിലും മൈതാനത്തെ ഒരു കാഴ്ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സ് നിറച്ചിരിക്കുന്നത്. കളിക്കിടെ ഒരു ആരാധകന്‍ ഓടിവന്ന് ധോണിയുടെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിനിടെ ആരാധകന്റെ കൈയിലുണ്ടായിരുന്ന ദേശീയ പതാക നിലത്ത് തൊടുകയായിരുന്നു. ഉടന്‍ തന്നെ ധോണി പതാക വാങ്ങി തന്റെ കൈയില്‍ വെച്ചു.

ഇതിന്റെ വീഡിയോ വൈറലായി മാറിയതോടെ ആരാധകര്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ തുടക്കം തന്നെ മോശമായിരുന്നു. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെ ധവാനെ സാന്റ്‌നര്‍ മടക്കി. തുടര്‍ന്നെത്തിയ വിജയ് ശങ്കര്‍ കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ ട്രാക്കിലെത്തി. അഞ്ച് ഫോറും രണ്ട് സിക്‌സറും പായിച്ച ശങ്കര്‍ അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണു. റിഷബ് പന്ത് വന്നപാടെ അടിതുടങ്ങി. സ്പിന്നര്‍മാരായ ഇഷ് സോധിയും സാന്റ്‌നറും പന്തിന്റെ ബാറ്റിങ് ചൂട് അറിഞ്ഞു.

എന്നാല്‍ ടിക്‌നറുടെ വിദഗ്ധമായൊരു ഫുള്‍ടോസില്‍ നായകന്‍ വില്യംസണ് ക്യാച്ച് നല്‍കി പന്ത് പുറത്തായി. രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, എം.എസ് ധോണി(2)എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തെങ്കിലും ദിനേശ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യയെ കരകയറ്റി. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചെങ്കിലും ജയിപ്പിക്കാനായില്ല. ക്രുണാല്‍ 13 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 16 പന്തില്‍ 33 റണ്‍സ് നേടി. ഇരുവരേയും പുറത്താക്കാനായില്ല. അവസാന ഓവറില്‍ പതിനാറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്ത്യക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്റിന് മികച്ച തുടക്കമാണ് ഓപണര്‍മാരായ സെയ്‌ഫെര്‍ട്ടും കോളിന്‍ മണ്‍റോയും നടത്തിയത്. ബാറ്റിങ് പിച്ചില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പേസര്‍മാര്‍ എറിഞ്ഞ ആദ്യ ഏഴ് ഓവറുകളില്‍ നിന്നും 79 റണ്‍സാണ് കിവീസ് ഓപണര്‍മാര്‍ അടിച്ചെടുത്തത്. ഒടുവില്‍ എട്ടാം ഓവറില്‍ കുല്‍ദീപ് യാദവെത്തി സെയ്‌ഫോര്‍ട്ടിനെ(43) പുറത്താക്കിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്.

എന്നാല്‍ പിന്നാലെ വന്ന വില്യംസണും(21 പന്തില്‍ 27) ഗ്രാന്‍ഡ്‌ഹോമും(16 പന്തില്‍ 30) മിച്ചലും(10 പന്തില്‍ 18) ഒന്നും നോക്കാതെ അടി തുടര്‍ന്നതോടെ കിവീസ് സ്‌കോര്‍ 200 കടക്കുകയായിരുന്നു. ഓപണര്‍ കോളിന്‍ മണ്‍റോ 40 പന്തില്‍ നിന്നാണ് 72 റണ്‍ നേടിയത്. അഞ്ച് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു മണ്‍റോയുടെ ബാറ്റിംങ്. നാലോവറില്‍ 26 റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ബൗളര്‍മാരും കിവീസ് ബാറ്റിങിന്റെ ചൂടറിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook