ഫുട്ബോള്‍ കളിയെ സ്വന്തം ജീവനായി കാണുന്ന ആരാധകര്‍ നിരവധിയാണ്. പന്തിനകത്ത് നിറച്ചത് ജീവവായുവായി കാണുന്നവരായിരിക്കും മിക്കവരും. സ്വന്തം ടീമിന്റെ കളി കാണാനായി ഏതറ്റം വരേയും പോകുന്ന പല ആരാധകരേയും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കണ്ടതിനെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് തുര്‍ക്കിയില്‍ നിന്നുമുള്ള ആരാധകന്.
തുര്‍ക്കിയിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ക്ലബായ് ഡെനിസ്ലിസ്പോറിന്റെ കടുത്ത ആരാധകനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചില കാരണങ്ങള്‍ കൊണ്ട് ഇയാള്‍ക്ക് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ആരാധകന് ആ കടുംകൈയ്ക്ക് മുതിര്‍ന്നത്.
അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ആരാധകന്, മൽസര സമയത്ത് ഒരു ക്രെയിന്‍ വാടകയ്ക്കെടുത്ത് സ്റ്റേഡിയത്തിന് പുറത്തെത്തി. എന്നിട്ട് അത് ഉയര്‍ത്തി അതിന്റെ മുകളില്‍ നിന്ന് മൽസരം കണ്ടു. പതാകയൊക്കെയായി ക്രെയിനിന്റെ മുകളിലിരുന്ന് നല്ല ഭേഷായി തന്നെ ആശാന് കളി കണ്ടു.
15,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തേക്കാള്‍ ഉയരത്തില്‍ നിന്നായിരുന്നു ആരാധകന് കളി കണ്ടത്. ആരാധകന്റെ ആവേശം വെറുതെ ആയതുമില്ല. അഞ്ച് ഗോളിനായിരുന്നു ഇയാളുടെ ടീം വിജയിച്ചത്.