ക്രിക്കറ്റിനെ ഒരു മതം പോലേയും ക്രിക്കറ്റ് താരങ്ങളെ ദൈവങ്ങളെ പോലേയും കാണുന്ന ആരാധകരാണ് നമ്മുടെ ഇന്ത്യയിലുളളത്. ക്രിക്കറ്റ് താരങ്ങളോടുളള ആരാധന മറച്ചുവയ്ക്കുന്നവരുമല്ല നമ്മള്‍. ക്രിക്കറ്റ് ദൈവമെന്ന് വിളിപ്പേരുളള സച്ചിനും, ക്യാപ്റ്റന്‍ കൂള്‍ ധോണിക്കുമൊക്കെയുളള ആരാധകര്‍ക്ക് കൈയ്യും കണക്കുമില്ല. ആരാധന വെളിവാക്കാനായി സുരക്ഷാ വേലിയും കടന്ന് മൈതാനത്തേക്ക് കടന്നുവരുന്ന ആരാധകരെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്നലെ ഐപിഎല്ലില്‍ നടന്ന ബാംഗ്ലൂര്‍- ഡല്‍ഹി മൽസരത്തിനിടയിലും സമാനമായ സംഭവമാണ് നടന്നത്.

ഫിറോസ് ഷാ കോട്‌ലയിലാണ് മൽസരം നടന്നത്. 182 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കം ലഭിച്ചപ്പോള്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായിരുന്നു കോഹ്‌ലിയും ഡിവില്ലിയേഴ്സും. അഞ്ചാം ഓവറില്‍ ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുമ്പോള്‍ മറുവശത്തായിരുന്നു കോഹ്‌ലി. അപ്പോഴാണ് ആരാധകന്‍ സുരക്ഷാ ഭടന്മാരെ കബളിപ്പിച്ച് മൈതാനത്തേക്ക് ഓടിക്കയറിയത്. ആരാധകരും താരങ്ങളും നോക്കി നില്‍ക്കെ ഇയാള്‍ കോഹ്‌ലിയുടെ കാലില്‍ വീണു വണങ്ങി. സ്‌തബ്‌ധനായി നിന്ന കോഹ്‌ലിയോടൊപ്പം ആരാധകന്‍ സെല്‍ഫി എടുക്കാനും ശ്രമിച്ചു. അപ്പോഴേക്കും സുരക്ഷാ സംഘം ഓടിവന്ന് ആരാധകനെ തൂക്കിയെടുത്ത് കൊണ്ടുപോയി.

മൽസരത്തില്‍ 5 വിക്കറ്റിനാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ ജയിച്ചത്. ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. ഓപ്പണർമാരായ പൃഥ്വി ഷായെയും (2), ജാസൻ റോയിയെയും (12) പെട്ടെന്ന് നഷ്ടമായ ഡൽഹിക്ക് 34 പന്തിൽ നിന്ന് 5 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസ് അടിച്ചു കൂട്ടിയ പന്ത് ഒരിക്കൽക്കൂടി മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 19 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 46 റൺസെടുത്ത അഭിഷേക് ശർമ്മയും നായകൻ ശ്രേയസ് അയ്യരുമാണ് (32) പന്തിനെക്കൂടാതെ ഡൽഹി ബാറ്റിങ് നിരയിൽ തിളങ്ങിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ കോഹ്‌ലിയും ഡിവില്ലിയേഴ്സും തകര്‍ത്തടിച്ചപ്പോള്‍ ഡല്‍ഹി അടിയറവ് പറയുകയായിരുന്നു. മൽസരം തോറ്റെങ്കിലും ഡല്‍ഹിക്കും ഇന്ത്യക്കും പ്രതീക്ഷ ഉയര്‍ത്തി ഒരു താരത്തിന്റെ ഉദയം മൽസരത്തില്‍ കാണാനായി. അരങ്ങേറ്റ മൽസരത്തില്‍ 17കാരനായ അഭിഷേക് ശര്‍മ്മ സ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്‌ച വച്ചത്. 3 ഫോറുകളുടേയും 4 സിക്സിന്റേയും അകമ്പടിയോടെയാണ് അദ്ദേഹം 46 റണ്‍സെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ