ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ റൺവേട്ടയിൽ കോഹ്ലിക്ക് വെല്ലുവിളി? വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് പാക് താരം ഫഖർ സമാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു നാഴികകല്ല് തന്റെ പേരിലാക്കിയത്. കോഹ്ലിയെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവച്ച ഫഖർ സമാൻ വെറും 18 മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികച്ചു.
വിവിയൻ റിച്ചാർഡ്‌സ്, കെവിൻ പീറ്റേഴ്‌സൺ, ജൊനാഥൻ ട്രോട്, ക്വിന്റൺ ഡികോക്, ബാബർ അസം എന്നിവർ കുറിച്ച 21 മത്സരങ്ങളുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 24 മത്സരങ്ങളിൽ നിന്നാണ് ആയിരം റൺസ് തികച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി പാക് താരനിരയിൽ ഒറ്റയാൾ പോരാട്ടം കാഴ്ചവയ്ക്കുകയാണ് ഫഖർ സമാൻ. കഴിഞ്ഞ 18 മത്സരങ്ങളിൽ അഞ്ച് സെഞ്ചുറിയും മൂന്ന് അർദ്ധസെഞ്ചുറിയും നേടിയ ഫഖർ സമാൻ സിംബാബ്‌വെയ്ക്ക് എതിരായ അഞ്ചാം ഏകദിന മത്സരത്തിലാണ് ചരിത്ര നേട്ടം കുറിച്ചത്.
ഐസിസി ചാംപ്യൻ ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് എതിരെ 106 പന്തിൽ 114 റൺസ് നേടിയ ഫഖർ സമാനാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്. സിംബാബ്‌വെയ്ക്ക് എതിരായ അഞ്ച് മത്സരത്തിൽ നിന്ന് 505 റൺസാണ് താരം നേടിയത്. അഞ്ചാം ഏകദിനത്തിൽ 85 റൺസാണ് അദ്ദേഹം നേടിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏകദിന മത്സര പരമ്പരയിൽ 487 റൺസ് നേടി ഏറ്റവും മികച്ച റൺവേട്ടക്കാരനായി റെക്കോഡിട്ട ഹാമിൽട്ടൺ മസകട്‌സയെ താരം പിന്തളളി.