സിംബാബ്‍വെ പര്യടനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഫഖര്‍ സമാന്‍. സിംബാബ്‍വെയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടി ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേട്ടം സ്വന്തമാക്കുന്ന ആദ്യ പാക് താരമായി അദ്ദേഹം മാറി. ഫഖറും ഇമാമുല്‍ ഹഖും ചേര്‍ന്ന് 304 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ആതിഥേയരെ പ്രതിസന്ധിയിലാക്കി.

അഞ്ച് ഏകദിനങ്ങളുളള പരമ്പര സ്വന്തമാക്കി മുന്നില്‍ നില്‍ക്കുന്ന പാക്കിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് ബൗണ്ടറി പറത്തി. ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപ്പുള്‍ തരംഗയും തീര്‍ത്ത 284 റണ്‍സെന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇതോടെ പാക് ബാറ്റ്സ്മാന്‍മാര്‍ തകര്‍ത്തത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഈ റെക്കോര്‍ഡ് നേടിയിരുന്നത്.

ഇമാമുലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ 399 റണ്‍സെന്ന ലക്ഷ്യമാണ് സിംബാബ്‍വെയ്ക്ക് മുമ്പില്‍ വെച്ചത്. 113 റണ്‍സാണ് ഇമാമുല്‍ നേടിയത്. സയീദ് അന്‍വര്‍ നേടിയ 194 റണ്‍സെന്ന റെക്കോര്‍ഡാണ് ഫഖര്‍ മറി കടന്നത്. 210 റണ്‍സെടുത്ത ഫഖര്‍ ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനുമായി. കളിച്ച നാല് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഫഖര്‍ കാഴ്ച്ച വെച്ചത്. ആകെ 430 റണ്‍സ് ഇതുവരെ അദ്ദേഹം നേടിക്കഴിഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു ബാറ്റ്സ്മാന്‍മാരുടെ പ്രകടനം. ഇതുവരെയുളള മൂന്ന് ഏകദിനങ്ങളും പാക്കിസ്ഥാന്‍ വിജയിച്ചു കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook