സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ ഒരു ടിക്കറ്റിന് 31,083 രൂപ ! ഞെട്ടേണ്ട. ഇന്ത്യ-ഓസ്ട്രേലിയ ടി 20, ഏകദിന പരമ്പരകൾക്കിടെ കാണികൾക്കിടയിൽ സ്റ്റേഡിയത്തിൽ വിതരണം ചെയ്ത ചില പോസ്റ്ററുകളിലാണ് ഇത്തരമൊരു പരസ്യം വന്നത്. “550 ഓസ്ട്രേലിയൻ ഡോളർ ചെലവഴിച്ചാൽ ആഡംബര ഭക്ഷണം, ബിയർ, വൈൻ, ശീതളപാനീയങ്ങൾ, താരങ്ങൾക്കൊപ്പമുള്ള അഭിമുഖങ്ങൾ..,” എന്നിവയായിരുന്നു പോസ്റ്ററിലെ ഓഫറുകൾ. ഇന്ത്യൻ ടെസ്റ്റ് ടീം സിഡ്നിയിൽ ജനുവരി അഞ്ചിന് എത്തുമ്പോഴാണ് വിരുന്നെന്നും സിഡ്നിയിലെ മഞ്ജിത്സ് വാർഫ് റെസ്റ്റോറന്റിലാണ് “മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്ന ഈ പരിപാടിയെന്നും ബാനറിൽ ഉണ്ടായിരുന്നു.
പോസ്റ്ററിലെ പരസ്യവും വിശ്വസിച്ച് 31,083 രൂപയുടെ ടിക്കറ്റും വാങ്ങി ഇരുന്നൂറോളം പേരാണ് ചൊവ്വാഴ്ച മഞ്ജിത്സ് വാർഫ് സ്റ്റോറന്റിലെത്തിയത്. ക്രിക്കറ്റ് താരങ്ങളെ കാണാമെന്ന് പ്രതീക്ഷിച്ച അവരെ വരവേറ്റത് പൊലീസുകാരായിരുന്നു. “മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്നത് ഒരു തട്ടിപ്പ് മാത്രമായിരുന്നെന്നും നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ലോക്കൽ പൊലീസ് ഇവരെ അറിയിക്കുകയും ചെയ്തു.
Read More: ഹോട്ടൽ ഭക്ഷണത്തിനു നിലവാരമില്ല; പരാതിയുമായി ക്രിക്കറ്റ് താരങ്ങൾ
“മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം” പരിപാടിയുടെ വേദിയായി പറഞ്ഞ മഞ്ജിത്സ് വാർഫ് റെസ്റ്റോറന്റിന്റെ അധികൃതരെയും തട്ടിപ്പുകാർ കബളിപ്പിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് പിറകിലുള്ളവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
സെപ്റ്റംബറിലാണ് ഈ പരിപാടിയുടെ പേര് പറഞ്ഞ് തട്ടിപ്പുകാർ തങ്ങളെ ബന്ധപ്പെട്ടതെന്ന് മഞ്ജിത്സ് വാർഫ് മാനേജയ ദീപ് ഗുജ്റാൾ പറഞ്ഞു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു, അത് അസാധാരണമായിരുന്നില്ല. ഞങ്ങളുടേ റെസ്റ്റോറന്റിൽ ആഴ്ചകൾക്ക് മുൻപ് തന്നെ ബുക്കിങ് നടത്തേണ്ടതുണ്ട്,” ഗുജ്റാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: ഗാംഗുലിക്ക് ഹൃദയാഘാതം, പിന്നാലെ ട്രോൾ മഴ; പരസ്യം പിൻവലിച്ച് ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിൽ
“റെസ്റ്റോറന്റ് മുഴുവനായി ബുക്ക് ചെയ്യാൻ 75,000 ഓസ്ട്രേലിയൻ ഡോളറാണ് നിക്ഷേപത്തുക. പക്ഷേ അദ്ദേഹം മുൻകൂറായി നൽകിയത് 1,000 ഡോളർ മാത്രമാണ്. ബാക്കി പണത്തിനായി ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ ഞങ്ങൾക്ക് മറുപടി ലഭിച്ചില്ല. ഈ പരിപാടി നടക്കാൻ പോവുന്നില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായത് അങ്ങനെയാണ്, ”ഗുജ്റാൾ പറഞ്ഞു.
തന്റെ റെസ്റ്റോറന്റിൽ പലപ്പോഴും ക്രിക്കറ്റ് കളിക്കാർ വന്നിരുന്നതിനാലാവാം ഈ തട്ടിപ്പിന് ഈ സ്ഥലം ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പ് തങ്ങളുടെ സൽപ്പേരിനെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.“ ഭാഗ്യവശാൽ പോലീസ് ആളെ പിടിച്ചു, അവൻ ലോക്കപ്പിലാണ്,” ഗുജ്റാൽ കൂട്ടിച്ചേർത്തു.