ന്യൂഡൽഹി: ഇന്ത്യൻ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്‌മാനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെ തരംതാഴ്ത്തും. പഞ്ചാബ് പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായ കൗറിനെ കോൺസ്റ്റബിളാക്കിയാണ് തരംതാഴ്ത്താൻ ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ പഞ്ചാബ് മന്ത്രിസഭ യോഗം അന്തിമ തീരുമാനം എടുക്കും.
നിയമനത്തിനായി സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡിഎസ്‌പി ആയി നിയമനം ലഭിച്ച് നാലാം മാസത്തിലാണ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന് സ്ഥാനമൊഴിയേണ്ടി വരുന്നത്. എന്നാൽ ചൗധരി ചരൺ സിങ് സർവ്വകലാശാലയിൽ നിന്ന് കൗറിന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ വിഷയത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് ഇതുവരെയും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഈ വിഷയത്തിൽ തനിക്ക് നേരിട്ട് യാതൊരു അറിവും ഇല്ലെന്നാണ് ഹർമൻപ്രീത് കൗർ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കോച്ചാണ് സർവ്വകലാശാലയിൽ പ്രവേശനം നേടിയെടുത്തതെന്നും എളുപ്പത്തിൽ ബിരുദം പാസാകാമെന്നതിനാലാണ് ഇത് ചെയ്തതെന്നും ഇക്കാര്യത്തിൽ തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് കൗറിന്റെ മൊഴി.
കൗറിനെ ഇപ്പോഴുളള സീനിയർ സെക്കന്ററി സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പഞ്ചാബ് പൊലീസിൽ കോൺസ്റ്റബിളായി നിയമിക്കാനും ബിരുദം നേടിയാലുടൻ ഡിഎസ്‌പി ആയി നിയമനം നൽകാനുമാണ് അമരീന്ദർ സിങ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനമാണ് ഹർമൻപ്രീത് കൗർ കാഴ്ചവച്ചത്. ഇതിനുളള പാരിതോഷികം എന്ന നിലയിലാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് അവർക്ക് പഞ്ചാബ് പൊലീസിൽ ജോലി വാഗ്‌ദാനം ചെയ്തത്. ജോലി ലഭിച്ച ശേഷം മീററ്റിലെ സർവ്വകലാശാലയിലേക്ക് കൗറിന്റെ സർട്ടിഫിക്കറ്റുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് തിരികെ വന്നപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
വെസ്റ്റേൺ റെയിൽവേയിൽ ഓഫീസ് സൂപ്രണ്ടായിരുന്ന ഹർമൻപ്രീത് കൗർ, ഡിഎസ്‌പി നിയമനം ലഭിച്ചതിന് പിന്നാലെ ഈ സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ ആറ് മാസം കഴിഞ്ഞാണ് അവർക്ക് റെയിൽവേയിൽ നിന്ന് റിലീവ് ചെയ്യാൻ സാധിച്ചത്. ഇതിന് ശേഷമാണ് പൊലീസ് ജോലിയിൽ ചുമതലയേറ്റത്. എന്നാൽ ഒരാൾക്ക് വേണ്ടി അടിസ്ഥാന യോഗ്യതയിൽ ഇളവ് വരുത്താനാവില്ലെന്നാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിലപാടെടുത്തിരിക്കുന്നത്.
താരത്തിനെതിരെ വഞ്ചന കുറ്റം ചുമത്താനാണ് ഉന്നത പൊലീസ് മേധാവികൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് പാടില്ലെന്ന് പിന്നീട് നിലപാടെടുത്തു. രാജ്യത്തിന് വേണ്ടി ഏറെ നേട്ടമുണ്ടാക്കിയ പൗരനാണെന്ന പരിഗണനയും, കോച്ച് തങ്ങളുടെ ശിഷ്യരെ തങ്ങൾ പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കീഴിൽ കളിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്ന വസ്തുതയും അംഗീകരിച്ചാണ് തീരുമാനം.