ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും പാക് നായകൻ ബാബർ അസമുമായി ബന്ധപ്പെട്ടുള്ളതാണ്. സമകാലിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയോടൊപ്പം ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെട്ടിട്ടുള്ള പേരാണ് പാക്കിസ്ഥാൻ താരം ബാബർ അസമിന്റേത്. ഇരുവരെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ച അടുത്തൊന്നും അവസാനിക്കത്തില്ലെന്നും ഏകദേശം ഉറപ്പാണ്.

ഈ കലാഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് വിരാട് കോഹ്‌ലിയെ കണക്കാക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 50ൽ അധികം റൺശരാശരിയുള്ള ഏകതാരമാണ് കോഹ്‌ലി. മൂന്ന് ഫോർമാറ്റിലും ഇതിനോടകം പല നേട്ടങ്ങളും കൊയ്ത കോഹ്‌ലി ഓരോ തവണ ബാറ്റേന്തുമ്പോഴും പല റെക്കോർഡുകളും തിരുത്തി കുറിക്കാറുണ്ട്. 70 സെഞ്ചുറികളും 104 അർധസെഞ്ചുറികളും ഇതിനോടകം കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നു കഴിഞ്ഞു.

അത്തരത്തിൽ തന്നെയാണ് ബാബർ അസമും. തന്റെ 26-ാം വയസിൽ തന്നെ പാക്കിസ്ഥാൻ ദേശീയ ടീമിനെ ഇപ്പോൾ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത് ബാബർ അസമാണ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന ബാബർ ടെസ്റ്റിലും തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ബാറ്റിങ്ങിൽ ബാബറിന്റെ സ്ഥിരത ഇതിഹാസ താരങ്ങളുടെ പോലും പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.

ഇവർ രണ്ട് പേരിലും ഒരുപാട് സാമ്യതയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസ് പറയുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ബാബർ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ഡു പ്ലെസിസ് പറയുന്നു. ഇരുവരും വളരെ ഉയർന്ന നിലവാരമുള്ള കളിക്കാരാണെന്ന് ഡു പ്ലെസിസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook