റാഞ്ചി: ക്രിക്കറ്റില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സമയമാണ് ടോസിങ്. ആര്‍ക്ക് ടോസ് ലഭിക്കുമെന്നതിനെ അനുസരിച്ചാണ് പലപ്പോഴും മത്സരഫലങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ പ്രവചിക്കാറുള്ളത്. റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് അങ്ങനെയൊരു ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും വിജയിക്കാനായില്ല.

ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടോസ് സ്വന്തമാക്കിയത്. അതിനാല്‍ തന്നെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടോസ് സ്വന്തമാക്കണമെന്നുറച്ചാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ഇന്ന് കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ താരം ടെംബാ ബവുമയ്‌ക്കൊപ്പമാണ് ഡുപ്ലസിസ് ടോസിനെത്തിയത്.

Read Also: റാഞ്ചിയിൽ കാലിടറി ഇന്ത്യ; മായങ്കും പൂജാരയും കോഹ്‌ലിയും പുറത്ത്

ഭാഗ്യപരീക്ഷണത്തിനായാണ് ഡുപ്ലസിസ് ബവുമയെ കൂട്ടിയത്. തനിക്ക് പകരം ബവുമയെ കൊണ്ട് ഡുപ്ലസിസ് ടോസ് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണയും ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം. ഇതെല്ലാം കണ്ട് വിരാട് കോഹ്‌ലിക്ക് ചിരിയടക്കാനായില്ല. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

നായകന്‍ എന്ന നിലയില്‍ ആദ്യ ഏഴ് വിദേശ ടെസ്റ്റില്‍ നാലിലും ടോസ് വിജയിക്കാന്‍ ഡുപ്ലസിസിന് സാധിച്ചിരുന്നു. എന്നാല്‍, അവസാന ഏഴ് ടെസ്റ്റുകളില്‍ ഒന്നില്‍ പോലും ഡുപ്ലസിസ് ടോസ് വിജയിച്ചിട്ടില്ല. ഏഴ് ടോസുകളും ഡുപ്ലസിസിന് നഷ്ടമായിരുന്നു. ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകള്‍ അടക്കമാണിത്.

അതേസമയം, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ തകർച്ചയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്. 38 റൺസ് നേടിയ രോഹിത് ശർമയും 11 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും ഇന്ന് തിളങ്ങാനായില്ല.

Read Also: യോ യോ ടെസ്റ്റ് വേണമെന്ന് പറഞ്ഞ സമയത്ത് നിങ്ങളായിരുന്നു പ്രസിഡന്റെങ്കിൽ!; ഗാംഗുലിയോട് യുവി

മൂന്നാം ടെസ്റ്റില്‍ നിര്‍ണായക മാറ്റത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം ഇന്ന് കളത്തിലിറങ്ങും. നദീമിന് ഇത് കന്നി ടെസ്റ്റ് മത്സരമാണ്. കുല്‍ദീപ് യാദവ് തോളിലെ പരുക്ക് കാരണം കളിക്കാനിറങ്ങാത്തതും നദീബിന് തുണയായി.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook