സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുന്ന കാണികളിൽ നിന്നുള്ള വംശീയ അധിക്ഷേപം പുതിയ കാര്യമല്ലെന്ന് ഇന്ത്യയുടെ പരിചയ സമ്പന്നനായ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വംശീയ അധിക്ഷേപത്തെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അശ്വിൻ പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇന്ത്യൻ കളിക്കാർക്കെതിരെ കാണികൾ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്. വംശീയ അധിക്ഷേപം നടത്തിയ ആറ് കാണികളെ പൊലീസ് ഇടപെട്ട് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ മൊഹമ്മദ് സിറാജാണ് വംശീയ അധിക്ഷേപം നേരിട്ടത്.
Read More: റൗഡിസത്തിന്റെ അങ്ങേയറ്റം, ഇത് അംഗീകരിക്കാൻ സാധിക്കില്ല; ചൂടായി കോഹ്ലി, രൂക്ഷ പ്രതികരണം
ഇന്ത്യൻ കളിക്കാർ നേരത്തെയും സിഡ്നിയിൽ വംശീയത നേരിട്ടിട്ടുണ്ടെന്ന് അശ്വിൻ പറഞ്ഞു. “സിഡ്നിയിൽ ഞങ്ങൾ മുൻപും വംശീയത നേരിട്ടിട്ടുണ്ട്. ഉരുക്കു മുഷ്ടികൊണ്ട് അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്,” അശ്വിൻ മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“2011 ൽ, വംശീയത എന്താണെന്നും നിങ്ങൾക്ക് ഒരാളെ എങ്ങനെ അത്രക്കും കുറച്ച് കാണാനാവുമെന്നും എനിക്കറിയില്ലായിരുന്നു. അന്ന് ആളുകളും ചിരിയിൽ പങ്കുചേരുന്നു,” അശ്വിൻ പറഞ്ഞു.
സ്റ്റേഡിയത്തിലുള്ള ഒരു വിഭാഗം ജനങ്ങളിൽ നിന്ന് മോശം പെരുമാറ്റം വന്നുവെന്ന് സിറാജ് പരാതിപ്പെട്ടതിനെത്തുടർന്ന് മത്സരത്തിന്റെ നാലാം ദിവസം കളി കുറച്ച് നേരം നിർത്തിവച്ചിരുന്നു. തുടർന്ന് കാണികളിൽ ചിലരെ പുറത്താക്കുകയും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് മാപ്പ് പറയുകയും ചെയ്തു.
ഓൺ-ഗ്രൗണ്ട് നടപടികൾ 10 മിനിറ്റോളം നിർത്തിവച്ച സമയത്ത് ആറ് പേരെ സുരക്ഷാ ജീവനക്കാർ പുറത്താക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറും അസുഖകരമായ സംഭവത്തെ അപലപിച്ചു.