ദുബായ്: യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പർ 12 മത്സരങ്ങളിൽ, ഇന്ത്യയുടെ കെ.എൽ. രാഹുൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും മുഹമ്മദ് ഷമി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരവുമായേക്കാമെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ.
കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനു വേണ്ടി കളിച്ച രാഹുൽ മികച്ച ഫോമിലായിരുന്നു. ടൂർണമെന്റിൽ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതായിരുന്നു താരം. ഷമിയും ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലും ഷമി അതേ ഫോം തുടർന്നിരുന്നു.
“അവരുടെ ആദ്യ നാലോ അഞ്ചോ ബാറ്ററുകളാലും ബോളിങ് ആക്രമണവും കൊണ്ട് ഇന്ത്യ ഒരുപക്ഷേ ഫേവറൈറ്സ് ആണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിൽ തുടരുന്ന കെ.എൽ.രാഹുൽ ടൂർണമെന്റിലെ ടോപ് റൺസ് സ്കോററാകുമെന്നും മുഹമ്മദ് ഷമി കൂടുതൽ വിക്കറ്റ് നേടുന്ന താരമാകുമെന്നും ഞാൻ കരുതുന്നു. അവർ നന്നായി കളിക്കുകയും ഇന്ത്യക്ക് ഒരു ടോപ് സ്കോററും വിക്കറ്റ് ടേക്കറും ഉണ്ടാവുകയാണെങ്കിൽ, അതൊരു നല്ല തുടക്കമാണ്” ഷമി ഐസിസിയുടെ കോളത്തിൽ എഴുതി.
ഓസ്ട്രേലിയയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ചു പറഞ്ഞ ലീ, ഐപിഎല്ലിൽ മോശം ഫോമിൽ ആയിരുന്നെങ്കിലും ഡേവിഡ് വാർണർ ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ നിർണായക ഘടകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: T20 WC: ഇന്ത്യ-പാക് മത്സരത്തിൽ നിർണായകമാവുക ടീം ലീഡർഷിപ്പെന്ന് മാത്യു ഹെയ്ഡൻ
വാർണറിനു പുറമെ മിച്ചൽ സ്റ്റാർകും, ജോഷ് ഹേസൽവുഡും ഓസ്ട്രേലിയക്കായി തിളങ്ങുമെന്നും ലീ പറഞ്ഞു. “ഞാൻ മിച്ചൽ സ്റ്റാർക്കിനെയും പിന്താങ്ങുന്നു. കഴിഞ്ഞ വർഷം സ്റ്റാർക്കിന്റെ മികച്ച കാലം കഴിഞ്ഞുവെന്ന് ചില ചർച്ചകൾ നടന്നിരുന്നു, എന്നാൽ ഓരോ തവണയും അദ്ദേഹം എന്റെ ടീമിൽ ഉണ്ടായിരിക്കും, ജോഷ് ഹേസിൽവുഡിന് ഒരു നല്ല ഐപിഎൽ ലഭിച്ചു, പാറ്റ് കമ്മിൻസ് ഒരു സൂപ്പർ താരമാണ്. അദ്ദേഹം ടീമിന്റെ ഡേവിഡ് ബെക്കാമാണ്, അദ്ദേഹം തൊടുന്നതെല്ലാം സ്വർണ്ണമായി മാറുന്നു,” ലീ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. കരുത്തരായ അവർക്കെതിരെയുള്ള മത്സരം ശരിക്കും ഒരു പരീക്ഷണം ആയിരിക്കുമെന്ന് ലീ പറഞ്ഞു. നാലോ അഞ്ചോ ഓവറിൽ തന്നെ മത്സരം മാറ്റിമറിക്കാൻ കഴിയുന്ന താരങ്ങൾ അവരുടെ ടീമിലുണ്ടെന്ന് ലീ കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ടീമുകൾ യുഎഇ സാഹചര്യങ്ങളിൽ മികവ് പുലർത്തുമെന്ന് താൻ കരുതുന്നുവെന്നും ലീ വ്യക്തമാക്കി.