മുംബൈ: ബിസിസിഐ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റിയില്‍ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ നിരത്തി ചെയര്‍മാന്‍ വിനോദ് റായിക്ക് കത്തയച്ചു. ബിസിസിഐയുടേയും അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റിയുടേയും സുതാര്യത സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ക്രിക്കറ്റിനെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഐപിഎലിന് വേണ്ടി പരിശീലകര്‍ ദേശീയ ടീമിനെ അവഗണിക്കുന്നതായി അദ്ദേഹം പറയുന്നു. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യ ‘എ’ ടീമിന്റേയും ജൂനിയര്‍ ടീമിന്റേയും പരിശീലകനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിസിസിഐയുടെ കരാര്‍പ്രകാരം കമന്റേറ്ററായ സുനില്‍ ഗാവസ്കര്‍ മാനേജ്മെന്റ് കമ്പനി മേധാവിയാണെന്നും ഗുഹ കത്തില്‍ വ്യക്തമാക്കി. ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും മഹേന്ദ്രസിംഗ് ധോണിയുടെ ഗ്രേഡ് ‘എ’ ആയി ഉയര്‍ത്തിയ നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്തതിലും അപാകതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച ഭൂതകാല പ്രകടനം പോലും കണക്കിലെടുക്കാതെ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്ന സമയത്ത് തന്നെ കുംബ്ലെയുടെ കരാര്‍ സൂക്ഷ്മപരിശോധന നടത്താന്‍ തയ്യാറായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവും ആഭ്യന്തര താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവും തമ്മിലുള്ള അന്തരം അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി പാടെ അവഗണിക്കുകയാണ്. അയോഗ്യരായ ഉദ്യോഗസ്ഥന്‍മാര്‍ ബിസിസിഐ യോഗങ്ങളില്‍ പങ്കെടുക്കുന്നതിലും അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി മൗനം തുടരുകയാണ്. അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയിലെ പുരുഷ ക്രിക്കറ്റ് താരത്തിന്റെ അഭാവവും ജവഗള്‍ ശ്രീനാഥിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശയും ഗുഹ ബിസിസിഐ ചെയര്‍മാന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

2017 ജനുവരി 30ന് സുപ്രീം കോടതിയാണ് ഗുഹയെ തല്‍സ്ഥാനത്തേയ്ക്ക് നിയമിച്ചത്. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിവിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നിയോഗിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ