മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ശർമ്മ കരിയറിലെ തന്റെ മൂന്നാമത് ഇരട്ട സെഞ്ചുറി നേടിയത്. വിവാഹ വാർഷികത്തിൽ താൻ നേടിയ സെഞ്ചുറി നേട്ടം ഭാര്യ റിതിക സജ്ദേഹിനാണ് രോഹിത് സമർപ്പിച്ചത്. രോഹിത്തിന്റെ സെഞ്ചുറി നേട്ടം കണ്ട് ഗ്യാലറിയിലിരുന്ന റിതികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഫ്ലൈയിങ് കിസാണ് രോഹിത് ഭാര്യയുടെ കണ്ണുനീരിനു പകരം നൽകിയത്. രോഹിത്തിന്റെ ഈ പ്രവൃത്തി മുൻ കാമുകി സോഫിയ ഹയാത്തിനെ ഏറെ ചൊടിപ്പിച്ചിരിക്കുകയാണ്.

സെഞ്ചുറി നേട്ടം രോഹിത് ഭാര്യയ്ക്ക് സമർപ്പിച്ചതിനെ സോഫിയ വിമർശിച്ചതായി ഇന്റർനാഷണൽ ബിസിനസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ”രോഹിത് വിജയങ്ങൾ നേടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ വിജയാഘോഷത്തിലും ജനങ്ങൾ ലിംഗവിവേചനം കാണിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഇതൊരു ബാറ്റ്-ബോൾ ഗെയിം മാത്രമാണെന്ന് രോഹിത് മനസ്സിലാക്കണം. അദ്ദേഹം ഒരു പുരുഷനാണ്, അതിനാൽ ജനങ്ങൾ കൈയ്യടിക്കുന്നു”.

Read More: റിതികയുടെ കണ്ണുനീർ രോഹിത്തിന്റെ ഫ്ലൈയിങ് കിസ്സിൽ അലിഞ്ഞു

”കാഴ്ച ഇല്ലാതിരുന്നിട്ടും കാഞ്ചൻമാല പാണ്ടേ ഒളിംപിക്സിൽ വിജയിച്ചപ്പോൾ ആരും ആവേശം കാണിച്ചില്ല. അവളെപ്പോലെയുളളവർക്കാണ് കൂടുതൽ പ്രോൽസാഹനവും പ്രചോദനവും നൽകേണ്ടതെന്നാണ് എന്റെ അഭിപ്രായം. അത്തരം വിജയങ്ങളാണ് ഞാൻ ആഘോഷിക്കുക. രോഹിത് ഇരട്ട സെഞ്ചുറി നേടിയതുപോലെയുളളവ ഒരിക്കലും ആഘോഷിക്കില്ല”.

റിതികയ്ക്ക് തന്റെ സെഞ്ചുറി നേട്ടം സമർപ്പിച്ചതിനെക്കുറിച്ച് സോഫിയയുടെ വാക്കുകൾ ഇങ്ങനെ: ”തന്റെ വിജയം പാർട്ണർക്ക് സമർപ്പിക്കുക രോഹിത്തിന്റെ പഴയ ശീലമാണ്. ഞാൻ രോഹിത്തിന്റെ ജീവിതത്തിലുണ്ടായിരുന്നപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷേ രോഹിത് മോശമായി കളിക്കുമ്പോൾ ഞാൻ കരയുമായിരുന്നു. എന്റെയടുത്തുനിന്നും രോഹിത്തിനെ മാറ്റാൻ ഒരാളെ അദ്ദേഹത്തിന് കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്”.

ബ്രിട്ടീഷ്-ഇന്ത്യൻ മോഡലായ സോഫിയയും രോഹിത് ശർമയും 2012 മുതൽ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് ഇുവരും വേർപിരിഞ്ഞു. രോഹിത് തന്റെ ബാല്യകാല സുഹൃത്തായ റിതികയെ വിവാഹം ചെയ്തു. ഈ വർഷമാദ്യം രോഹിതിനെ ട്വിറ്ററിൽ താൻ ബ്ലോക്ക് ചെയ്തുവെന്ന് പറഞ്ഞ് സോഫിയ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ