തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസിന് കളിക്കളം നല്‍കുന്നത് മോശം അനുഭവങ്ങളാണ്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക അവസാനിച്ചത് പത്തില്‍ ഏഴാമത്തെ ടീമായാണ്. പിന്നാലെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ മൂന്നും പരാജയപ്പെട്ടു.
മൂന്നില്‍ രണ്ട് ടെസ്റ്റുകളും തോറ്റത് ഇന്നിങ്‌സിനായിരുന്നു. ഇന്ത്യയുടെ ബോളിങ് നിരയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നു വീഴുകയായിരുന്നു. 35 കാരനായ ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയെ 32 ടെസ്റ്റുകളില്‍ നയിച്ചിട്ടുണ്ട്. ഇതില്‍ 17 എണ്ണം ജയിക്കുകയും ചെയ്തു.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്കുള്ള കാരണമായി തങ്ങളുടെ മോശം പ്രകടനം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ നായകന്‍ കാണുന്നത്. ഏകപക്ഷീയമായ ടോസ് റിസള്‍ട്ടുകളിലും നായകന്‍ അതൃപ്തനാണ്. മൂന്നു ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു ടോസ് ജയിച്ചത്.
“എല്ലാ ടെസ്റ്റിലും അവര്‍ ആദ്യം ബാറ്റ് ചെയ്യും, 500 റണ്‍സെടുക്കും. ഇരുട്ടാകുമ്പോള്‍ ഡിക്ലയര്‍ ചെയ്യും. ഇരുട്ടത്ത് മൂന്ന് വിക്കറ്റ് നേടും. മൂന്നാം ദിനം കളി ആരംഭിക്കുമ്പോഴേ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. എല്ലാ ടെസ്റ്റും കോപ്പി പേസ്റ്റ് പോലെയാണ്. വിദേശ ടെസ്റ്റുകളില്‍ ടോസ് ഒഴിവാക്കിയാല്‍ എവേ ടീമുകള്‍ക്ക് നന്നാകും. ദക്ഷിണാഫ്രിക്കയില്‍ അതിന് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല,” അദ്ദേഹം പറഞ്ഞു.