ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയും ബറോഡയും തമ്മിലുള്ള മത്സരത്തിനിടെ കമന്റേറ്ററുടെ വാക്കുകൾ വിവാദമാകുന്നു. ഹിന്ദി നമ്മുടെ മാതൃഭാഷയായതിനാൽ എല്ലാ ഇന്ത്യക്കാരനും ഹിന്ദി അറിഞ്ഞിരിക്കണമെന്നായിരുന്നു സുശിൽ ദോഷി പറഞ്ഞു. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സുശിലിന്റെ വിവാദ പരാമർശം.

ബറോഡയുടെ രണ്ടാം ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് സംഭവം. മത്സരത്തിന്റെ മറ്റൊരു കമന്റേറ്ററായിരുന്നയാൾ സുനിൽ ഗവാസ്കർ ഹിന്ദിയിൽ കമന്ററി പറയുന്നത് തനിക്ക് ഏറെ ഇഷ്ടമായെന്ന് അഭിപ്രായപ്പെട്ടു. “സുനിൽ ഗവാസ്കർ ഹിന്ദിയിൽ കമന്ററി നൽകുന്നത് എനിക്ക് ഇഷ്ടമായി. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായങ്ങളും അതേ ഭാഷയിൽ തന്നെ നൽകുന്നു. ഡോട്ട് ബോളിനെ ബിണ്ഡി ബോളെന്ന് വിളിച്ചതും എനിക്ക് ഇഷ്ടമായി.”

Also Read: തലയെടുപ്പുള്ള ‘തല’; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ ധോണിയെന്ന് റെയ്ന

ഇതിനോട് മറുപടിയെന്നവണ്ണമായിരുന്നു സുശിലിന്റെ വിവാദ പരാമർശം വന്നത്. “എല്ലാ ഇന്ത്യക്കാരും ഹിന്ദി അറിഞ്ഞിരിക്കണം. ഇത് നമ്മുടെ മാതൃഭാഷ ഭാഷയാണ്. ഹിന്ദിയേക്കാൾ വലുതല്ല മറ്റൊരു ഭാഷയും. ഞങ്ങൾ ക്രിക്കറ്റ് താരങ്ങളാണെന്നും എന്നാൽ ഹിന്ദി അറിയില്ലെന്നും പറയുന്നവരോട് ദേഷ്യം തോന്നാറുണ്ട്. നിങ്ങൾ ഇന്ത്യയിലാണ് താമസിക്കുന്നത്, അപ്പോൾ ഉറപ്പായും മാതൃഭാഷ സംസാരിച്ചിരിക്കണം.”

എന്നാൽ സുശിൽ ദോഷിയുടെ ഈ വാക്കുകൾ വലിയ വിമർശനമാണ് നേരിടുന്നത്. കമന്റേറ്ററുടെ വാദത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആളുകൾ രംഗത്തെത്തി. ഗുജറാത്തിയും കന്നഡയും മാതൃഭാഷയായി കാണുന്ന രണ്ട് സംസ്ഥാനങ്ങൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ അത്തരമൊരു കമന്ററിയുടെ ആവശ്യമെന്തായിരുന്നുവെന്ന് പലരും ചോദിക്കുന്നു.

Also Read: ഇന്നലെ കഴിഞ്ഞതുപോലെ, ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരും; ലോകകപ്പ് നേട്ടത്തെ കുറിച്ച് സച്ചിൻ

ഇന്ത്യയിൽ 2011ലെ സെൻസസ് അനുസരിച്ച് 43 ശതമാനം ആളുകൾ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ഇതിൽ തന്നെ പലർക്കും ഭോജ്പൂരിയും രാജസ്ഥാനിയുമൊക്കെയാണ് മാതൃഭാഷ. അങ്ങനെ നോക്കുമ്പോൾ 26 ശതമാനം ആളുകൾക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്. അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ എന്തിനാണ് എല്ലാ ഇന്ത്യക്കാരും ഹിന്ദി സംസാരിക്കേണ്ടത് എന്നത് ഒരു ചോദ്യമായി കാലങ്ങളായി അവശേഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook