ഫുട്ബോൾ മൈതാനത്ത് മറ്റൊരു കണ്ണീർ ദിനമാണ് കടന്നുപോകുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനും ടോട്ടനവും തമ്മിലുള്ള മത്സരമാണ് ദുരന്തത്തിൽ അവസാനിച്ചത്. എവർട്ടൺ താരം ആന്ദ്രേ ഗോമസാണ് എതിർ താരത്തിന്റെ ടാക്കിളിൽ കാൽക്കുഴയ്ക്ക് പൊട്ടലേറ്റ് മൈതാനം വിട്ടത്. മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ടോട്ടനം സ്ട്രൈക്കർ സോൺ ഹിയുങ്ങിന്റെ അപകട ടാക്കിൾ.

സോണിന്റെ ടാക്കിളിൽ പരുക്കേറ്റ് നിലത്തുവീണ ഗോമസിന് ടീമിന്റെ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ, കാൽക്കുഴയ്ക്ക് പൊട്ടലേറ്റ ആന്ദ്രേ ഗോമസ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് എവർട്ടൺ ക്ലബ് മാനേജ്മെന്റ് അറിയിച്ചു.

ഫൗളിന് തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ താരമായ സോണിന് റഫറി യെല്ലോ കാർഡ് വിളിച്ചെങ്കിലും പരുക്ക് ഗുരുതമെന്ന് കണ്ടതോടെ അത് റെഡ് ആക്കി. എന്നാൽ ഗോമസിന്റെ പരുക്കിൽ താരത്തെ ഫുട്ബോൾ ലോകം പഴിക്കുന്നില്ല. വേദനയിൽ പുളയുന്ന ആന്ദ്രേയെ കണ്ട് നിലവിളിച്ചുകരയുന്ന സോണിനെയായിരുന്നു പിന്നീട് മൈതാനത്ത് കണ്ടത്. ടോട്ടനം താരങ്ങളും മാച്ച് ഒഫിഷ്യൽസും ഉൾപ്പടെയുള്ളവർ എത്തിയാണ് സോണിനെ പിന്നീട് നിയന്ത്രിച്ചത്.

പോർച്ചുഗീസ് താരത്തിന് സീസണിലെ മത്സരങ്ങൾ എല്ലാം നഷ്ടമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പരുക്ക് ഭേദമായി താരം മൈതാനത്തേക്ക് വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്ബോൾ പ്രേമിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook