കെയ്റോ: റഷ്യന്‍ ലോകകപ്പിലടക്കം തിളങ്ങിയ ഈജിപ്തിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ എസ്സാം അല്‍ ഹദാരി വിരമിച്ചു. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു ഹദാരി. 45-ാം വയസിലായിരുന്നു ഹദാരി ലോകകപ്പിനെത്തിയത്.

കരിയറിലെ 22 വര്‍ഷവും നാല് മാസവും 12 ദിവസവും പിന്നിട്ട ഈ നിമിഷമാണ് വിരമിക്കാന്‍ ഏറ്റവും അനുയോജ്യമെന്നായിരുന്നു ഹദാരി പറഞ്ഞത്. കൊളംബിയയുടെ ഫറേഡ് മോന്‍ഡ്രഗന്റെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയായിരുന്നു ഹദാരി ഏറ്റവും പ്രായം ചെന്ന കളിക്കാരനെന്ന റെക്കോര്‍ഡ് നേടിയിരുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ കളിച്ച മോന്‍ഡ്രഗന്റെ പ്രായം 43 ആയിരുന്നു.

നിലവില്‍ ഈജിപ്ത് ക്ലബ്ബായ ഇസ്മഈലിയുടെ താരമാണ് എസ്സാം. സൗദി ടീമായ അല്‍ താവൂനില്‍ നിന്നും ഈ വര്‍ഷം ജൂലൈയിലാണ് എസ്സാം അല്‍ ഹദാരി ഈജിപ്തില്‍ തിരികെയെത്തിയത്.

159 മത്സരങ്ങളില്‍ ഈജിപ്തിനായി ബൂട്ടുകെട്ടിയ ഹദാരി 4 തവണ രാജ്യത്തിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ഈജിപ്ത് കപ്പുയര്‍ത്തിയ നാല് ടൂര്‍ണമെന്റുകളിലും (1998, 2006, 2008 2010) ഹദാരിയ്ക്കായിരുന്നു മികച്ച ഗോളിക്കുള്ള പുരസ്‌കാരം. റഷ്യന്‍ ലോകകപ്പില്‍ അവസാന മത്സരത്തില്‍ സൗദിക്കെതിരായി കളിക്കാനിറങ്ങിയ ഹദാരി പെനാല്‍റ്റി സേവ് ചെയ്ത് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook