EPL-Chelsea vs Liverpool: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ. ശക്തരായ ചെൽസിയെ പരാജയപ്പെടുത്തിയാണ് സീസണിൽ ലിവർപൂൾ രണ്ടാം ജയം കുറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. സൂപ്പർ താരം സാഡിയോ മാനെയുടെ ഇരട്ടഗോളുകളാണ് ചെൽസിക്കെതിരെ ചെമ്പടയുടെ ജയം ഉറപ്പാക്കിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത ലിവർപൂൾ ഉടൻ തന്നെ ലീഡ് ഉയർത്തുകയും ചെയ്തു. 50, 54 മിനിറ്റുകളിലായിരുന്നു മാനെയുടെ ഗോൾ. മത്സരത്തിൽ ചെൽസി താരം ആന്ദ്രെസ് റെഡ് കാർഡ് കിട്ടിയതും ആതിഥേയർക്ക് തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ താരം റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ രണ്ടാം പകുതിയിൽ പത്ത് പേരുമായാണ് ചെൽസി കളിച്ചത്.
രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ മുഹമ്മദ് സലായും ഫിർമിഞ്ഞോയും ചേർന്ന് വലതുവശത്തുകൂടെ നടത്തിയ മുന്നേറ്റം മാനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഫിർമിഞ്ഞോ നൽകിയ ക്രോസ് മാനെ പോസ്റ്റിന്റെ ഇടതുവശത്തേക്ക് തുടുത്തു. 54-ാം മിനിറ്റിൽ ചെൽസി ഗോൾകീപ്പർ കേപ്പയുടെ പിഴവിൽ നിന്നുമായിരുന്നു മാനെയുടെ ഗോൾ.
പ്രതിരോധത്തിൽ ആന്ദ്രെസിനെ നഷ്ടമായതാണ് ചെൽസിക്ക് ശരിക്കും തിരിച്ചടിയായത്. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ചെൽസി പുതിയ ഫോർമേഷനിലേക്ക് മാറാൻ സമയമെടുത്തു. എന്നാൽ അവസരം മുതലാക്കിയ ലിവർപൂൾ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂളിപ്പോൾ.