ഇംഗ്ലണ്ടിന്റെ ഏകദിന ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ഐറിഷ് താരം ഇയോൻ മോർഗൻ ഈ ആഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ദി ഗാർഡിയൻ എന്ന മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മോർഗൻ വിരമിച്ചാൽ ജോസ് ബട്ട്ലറെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കും.
കുറച്ചുകാലമായി മോശം ഫോമിലാണ് മോർഗൻ, ഫോമിലായ്മ കാരണം കഴിഞ്ഞ ഐപിഎൽ ലേലത്തിലും ആരും മോർഗനെ എടുത്തിരുന്നില്ല. നെതർലാൻഡിനെതിരായ അവസാന രണ്ട് മത്സരങ്ങളിൽ മോർഗൻ പൂജ്യനായി മടങ്ങിയിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ തന്റെ അവസാന 28 അന്താരാഷ്ട്ര ഇന്നിംഗ്സുകളിൽ, വെറും രണ്ട് അർദ്ധ സെഞ്ച്വറികൾ മാത്രമാണ് മോർഗന് നേടാനായത്.
“ഞാൻ വേണ്ടത്ര നന്നായി കളിക്കുന്നിലെന്നോ ഞാൻ ടീമിലേക്ക് സംഭാവന ചെയ്യുന്നില്ലെന്ന് തോന്നിയാലോ, ഞാൻ കളി അവസാനിപ്പിക്കും,” നെതർലൻഡ്സ് പരമ്പരയ്ക്ക് മുന്നോടിയായി മോർഗൻ സ്കൈ സ്പോർട്സിനോട് പറഞ്ഞിരുന്നു.
2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിന് തൊട്ടു മുൻപാണ് അലസ്റ്റർ കുക്കിൽ നിന്ന് ഏകദിന ടീമിന്റെ നായകസ്ഥാനം മോർഗൻ ഏറ്റെടുത്തത്. ആ ലോകകപ്പിൽ ഇംഗ്ലണ്ട് പരാജയെപ്പെട്ടെങ്കിലും നായകസ്ഥാനത്ത് തുടർന്ന മോർഗൻ മുൻ പരിശീലകൻ ട്രെവർ ബെയ്ലിസിനൊപ്പം ഇംഗ്ലണ്ട് ഏകദിന ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയായിരുന്നു.
ഐപിഎല്ലിൽ ഒരു ടീമും പരിഗണിക്കാതെ വന്നപ്പോൾ, താൻ വേണ്ടത്ര റൺസ് നേടിയിട്ടില്ല എന്നത് ഒരു വസ്തുതയാണെന്നും ഇതിനെ ഒരു വെല്ലുവിളിയായാണ് കാണുന്നത്. സ്വയം റീചാർജ് ചെയ്യാൻ ഈ ഇടവേള ഉപയോഗിക്കുമെന്നും ദി ഈവനിംഗ് സ്റ്റാൻഡേർഡ് എന്ന മാധ്യമത്തോട് അദ്ദേഹം പറഞ്ഞിരുന്നു.