മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്ത് കാട്ടി വമ്പന്മാർ. ലിവർപൂൾ, മഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾ ജയം നേടി. സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുകയാണ് ലിവർപൂൾ. പോയിന്റ് പട്ടികയിലും ബഹുദൂരം മുന്നിലാണ് ക്ലബ്ബ്.
ഡിവോക്ക് ഒറിഗിയുടെ ഇരട്ട ഗോളുകൾ ഉൾപ്പടെയാണ് ലിവർപൂൾ എണ്ണം പറഞ്ഞ് അഞ്ചു ഗോളുകൾ എവർട്ടൻ വലയിലിട്ടത്. കളിയുടെ പൂർണാധിപത്യം തുടക്കം മുതൽ ഏറ്റെടുത്ത ലിവർപൂൾ കൃത്യമായ ഇടവേളകളിൽ സ്കോർ ചെയ്യുകയും ചെയ്തു. വാശിയേറിയ ആദ്യ പകുതിയിലാണ് മത്സരത്തിലെ ആറു ഗോളുകളും പിറന്നത്.
ആറാം മിനിറ്റിൽ ഒറിഗിയുടെ ഗോളിലാണ് ലിവർപൂൾ മുന്നിലെത്തിയത്. 17-ാം മിനിറ്റിൽ ഷാക്കിരി ലീഡ് രണ്ടാക്കി. 21-ാം മിനിറ്റിൽ മൈക്കിൾ കിയാൻ ആദ്യ ഗോൾ മടക്കി. പത്ത് മിനിറ്റുകൾക്കപ്പുറം ഒറിഗി വീണ്ടും എവർട്ടൻ വല ചലിപ്പിച്ച് ലീഡ് ഭദ്രമാക്കി. 45-ാം മിനിറ്റിൽ സാഡിയോ മാനെ ലിവർപൂളിന് വേണ്ടി നാലാം തവണയും ഗോൾ നേടി.
ആദ്യ പകുതിയുടെ അധിക സമയത്താണ് എവർട്ടൻ തങ്ങളുടെ രണ്ടാം ഗോൾ നേടിയത്. റിച്ചാർലിസണായിരുന്നു ഗോൾ സ്കോറർ. രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് മാറിയ തന്ത്രത്തിൽ ലിവർപൂൾ മുന്നേറ്റൾ കുറഞ്ഞു. തിരിച്ചടിക്കാനുള്ള എവർട്ടണിന്റെ ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല. എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റിൽ ജോർജിനിയോ ലിവർപൂൾ ഗോൾപട്ടിക പൂർത്തിയാക്കി.
ബൺലി എഫ്സിയെ മാഞ്ചസ്റ്റർ സിറ്റി തകർത്തത് ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു. ഏകപക്ഷിയമായിരുന്നു മാഞ്ചസ്റ്ററിന്റെ പോരാട്ടവും. ഒരു ഗോൾ ഒഴിച്ചുനിർത്തിയാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സിറ്റിക്ക് വെല്ലുവിളി ഉർത്താൻ ബൺലിക്ക് ആയില്ല. ആദ്യ പകുതിയിൽ ഗബ്രിയേൽ ജീസസിന്റെ ഗോളിലാണ് സിറ്റി മുന്നിലെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഗബ്രിയേൽ ഗോൾ കണ്ടെത്തിയതോടെ ലീഡ് ഉയർത്തി. 50-ാം മിനിറ്റിലായിരുന്നു ജീസസിന്റെ രണ്ടാം ഗോൾ. 68-ാം മിനിറ്റിൽ റോഡ്രിയും 87-ാം മിനിറ്റിൽ റിയാദ് എന്നിവർ കൂടി ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ തകർപ്പൻ ജയം ഉറപ്പിച്ചു. 89-ാം മിനിറ്റിൽ റോബർട്ട് ബ്രാഡിയുടെ വകയായിരുന്നു എതിരാളികളുടെ ആശ്വാസ ഗോൾ.
ഒന്നിനെതിരെ രണ്ടു ഗോളഉകൾക്കായിരുന്നു എസ്റ്റൺ വില്ലയ്ക്കെതിരെ ചെൽസിയുടെ ജയം. ടാമി എബ്രഹാം, മേസൺ മൗണ്ട് എന്നിവരുടെ ഗോളുകൾക്ക് മഹമ്മൂദ് ഹസന്റെ ഗോൾ മാത്രമാണ് എസ്റ്റൺ വില്ലയ്കക്ക് പകരം വയ്ക്കാനുണ്ടായത്. ടോട്ടണത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയവും ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു. മാർക്കസ് റാഷ്ഫോർഡിന്റെ രണ്ട് പെനാൽറ്റി കിക്കുകളാണ് മാഞ്ചസ്റ്ററിന് ജയം ഉറപ്പിച്ചത്. 6-ാം മിനിറ്റിലും 49-ാം മിനിറ്റിലുമായിരുന്നു റാഷ്ഫോർഡ് ടോട്ടനം വല ചലിപ്പിച്ചത്. 39-ാം മിനിറ്റിൽ ഡെലെ അലിയുടെ വകയായിരുന്നു ടോട്ടനത്തിന്റെ ആശ്വാസ ഗോൾ.