ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ന്യൂകാസിലിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സിറ്റി തകർത്തത്. റൂബൻ ഡയസ്, റിയാദ് മഹ്‌രെസ്, ജാവോ കാന്‍സെലോ, റഹീ സ്റ്റെര്‍ലിങ് എന്നിവരാണ് ഗോൾ നേടിയത്.
അഞ്ചാം മിനിറ്റില്‍ തന്നെ റൂബന്‍ ഡയസാണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 27-ാം മിനിറ്റില്‍ ജാവോ കാന്‍സെലോ സിറ്റിയുടെ ലീഡ് ഉയർത്തി. 63-ാം മിനിറ്റില്‍ റിയാദ് മഹ്‌രെസും 86-ാം മിനിറ്റില്‍ റഹീ സ്റ്റെര്‍ലിങ്ങും കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി ആധികാരിക ജയം നേടുകയായിരുന്നു. സിറ്റിയുടെ തുടർച്ചയായ എട്ടാം ലീഗ് ജയമാണിത്. ലീഗിൽ 44 പോയന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി.
മറ്റൊരു മത്സരത്തിൽ ലിവർപൂളിലെ ടോട്ടനം സമനിലയിൽ കുരുക്കി. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. മത്സരത്തിൽ ടോട്ടനം ആണ് ആദ്യം മുന്നിലെത്തിയത്. പതിമൂന്നാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ വകയായിരുന്നു ഗോൾ. 35-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയിലൂടെ ലിവർപൂൾ ആദ്യ ഗോള്‍ നേടി. പിന്നീട് 69-ാം മിനിറ്റില്‍ ആന്‍ഡ്രൂ റോബര്‍ട്‌സണ്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. എന്നാൽ 74-ാം മിനിറ്റില്‍ സോന്‍ ഹ്യൂങ് മിന്‍ സമനില ഗോൾ നേടി ലിവർപൂളിന്റെ ജയപ്രതീക്ഷകൾ അവസാനിപ്പിക്കുകയായിരുന്നു. സിറ്റിയേക്കാള്‍ മൂന്ന് പോയിന്റിന് പിന്നിലാണ് ലിവര്‍പൂള്‍.
Also Read: തകർപ്പൻ പ്രകടനവുമായി ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
അതേസമയം, വൂള്‍വ്സിനെതിരെ ചെൽസിയും ഗോൾരഹിത സമനില വഴങ്ങി. മത്സരത്തില്‍ പകുതിയിലേറെ സമയവും പന്ത് കൈവശം കരുത്തരായ ചെൽസിക്ക് ഗോൾ കണ്ടെത്താനായില്ല. കോവിഡും പരുക്കും കാരണം ഏഴ് മുൻനിര താരങ്ങൾ ഇല്ലാതെയാണ് ചെൽസി ഇറങ്ങിയത്. മത്സരം മാറ്റിവെക്കുന്നതിന് ചെല്‍സി അധികൃതര്‍ ലീഗ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിലവില്‍ 18 മത്സരങ്ങളിൽ നിന്ന് 38 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ചെല്‍സി.