ഇംഗ്ലീഷ് പ്രീമിർ ലീഗിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ജയവും തോൽവിയും. സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നിൽ ലിവർപൂൾ മഞ്ചസ്റ്റർ സിറ്റിയെ തകർത്തു. നിലവിലെ ചാമ്പ്യന്മാർക്കെതിരെ ലിവർപൂൾ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണിനെയും പരാജയപ്പെടുത്തി. യുണൈറ്റഡിന്റെ ജയവും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു.

ആദ്യ 13 മിനിറ്റിനുള്ളിൽ തന്നെ ചാമ്പ്യന്മാരുടെ വലയ്ക്കുള്ളിൽ രണ്ടു ഗോളുകൾ എത്തിച്ച് ലിവർപൂൾ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യമേറ്റെടുത്തു. ആറാം മിനിറ്റിൽ ഫാബിയാനോയാണ് യൂറോപ്യൻ ചാംപ്യന്മാരെ മുന്നിലെത്തിച്ചത്. 13-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ലീഡ് ഉയർത്തി. ആദ്യപകുതിയിൽ നേടിയ രണ്ടു ഗോളിന്റെ ആത്മവിശ്വാസത്തിൽ ആൻഫീൾഡിലെ സ്വന്തം തട്ടകത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ലിവർപൂളിന് വേണ്ടി സാഡിയോ തുടക്കത്തിൽ തന്നെ ഗോൾ കണ്ടെത്തി. മത്സരത്തിന്റെ 51-ാം മിനിറ്റിലായിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. 78-ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്.

Also Read: തമിഴ്‌നാടിനെ ആറിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ വീണ്ടും മുന്നിലേക്ക് കുതിച്ചു. 12 മത്സരങ്ങളിൽ നിന്ന് 11 ജയവും ഒരു സമനിലയുമായി 34 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനം അരക്കെട്ട് ഉറപ്പിക്കുകയാണ്. തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25 പോയിന്റുകളാണ് സിറ്റിയുടെ സമ്പാദ്യം. 26 പോയിന്റ് വീതമുള്ള ലെയ്സ്റ്റർ സിറ്റി, ചെൽസി എന്നീ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിൽ. കഴിഞ്ഞ സീസണിൽ തലനാരിഴയ്ക്ക് നഷ്ടമായ കിരീടം എന്തായാലും ഇത്തവണ ലിവർപൂളിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്.

ബ്രൈറ്റണിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയവും ആധികാരികമായിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ആന്ദ്രേസ് പെരേരയുടെ ഗോളിൽ മാഞ്ചസ്റ്റർ മുന്നിലെത്തി. 19-ാം മിനിറ്റിൽ ബ്രൈറ്റൺ താരം ഡേവി പ്രോപ്പറിന്റെ ഓൺ ഗോളിൽ മാഞ്ചസ്റ്റർ ലീഡ് ഉയർത്തി. രണ്ടാം പകുതിയിലായിരുന്നു പിന്നീട് വലകൾ ചലിച്ചത്. 64-ാം മിനിറ്റിൽ ലെവിസ് ഡങ്കിലൂടെ തിരിച്ചടിക്കാനുള്ള ബ്രൈറ്റണിന്റെ ശ്രമം ലക്ഷ്യം കണ്ടു. എന്നാൽ രണ്ടു മിനിറ്റുകൾക്ക് അപ്പുറം മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്ററിന്റെ ലീഡ് വീണ്ടും ഉയർത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്താനും യുണൈറ്റഡിനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook