English Premier League 2020 Liverpool Vs Manchester United highlights: ചരിത്രത്തിന്റെ കണക്കെടുപ്പിൽ തങ്ങൾ സമം ആണെന്ന വാദം വിലപ്പോയില്ല; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് കിരീടിമെന്ന സ്വപ്നത്തിനായി കുതിക്കുന്ന ലിവർപൂളിന് മുന്നിൽ തപ്പി തടഞ്ഞു വീണു മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്കോർ: ലിവർപൂൾ 2 മാഞ്ചസ്റ്റർ യുണൈറ്റഡ് 0. ഈ സീസണിൽ കളിച്ച 21 മത്സരങ്ങളില്‍ 20 -ഉം ജയിച്ചു ആത്മവിശ്വാസത്തിന്റെ നെറുകയിൽ നിൽക്കുന്ന ലിവർപൂളിനെതിരെ വെല്ലുവിളി ഉയർത്താൻ ഒലെ ഗണ്ണേഴ് സോൾഷെയുടെ മാഞ്ചെസ്റ്ററിനായില്ല.
English Premier League 2020 Liverpool Vs Manchester United highlights
സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആത്മവിശ്വാസത്തോടു കൂടെ പന്ത് തട്ടി തുടങ്ങിയ ലിവർപൂൾ തുടക്കം മുതൽ തന്നെ തങ്ങളുടെ കോച്ച് യുർഗെൻ ക്ലൊപിന്റെ പ്രധാന തന്ത്രമായി ആക്രമോല്സുക ഫുട്ബോൾ പുറത്തെടുത്തു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ, മാഞ്ചസ്റ്റർ പ്രതിരോധത്തെ സമർദ്ദത്തിലാക്കിക്കൊണ്ടേയിരുന്നു. യുണൈറ്റഡിന്റെ കളിക്കാർക്ക് പന്ത് കൈയിൽ വെച്ച് സാവധാനം കളിയ്ക്കാൻ അവസരം കൊടുക്കാതെ ലിവർപൂൾ മധ്യനിര വേഗം തന്നെ പന്ത് കൈക്കലാക്കി തങ്ങളുടെ മുന്നേറ്റ കളിക്കാർക്ക് പന്ത് എത്തിച്ചു കൊണ്ടേയിരുന്നു.
ഒടുവിൽ പതിനാലാം മിനുട്ടിൽ ലിവർപൂളിന്റെ സ്വന്തം കുട്ടിയായ, ‘പുതിയ സ്റ്റീവൻ ജർറാർഡ്’ എന്ന് വാഴ്ത്തപ്പെടുന്ന ട്രെന്റ് അലക്സാണ്ടർ അർണോൾഡ് എടുത്ത ക്രോസ്സ് ലിവർപൂളിന്റെ വിശ്വസ്തനായ പ്രതിരോധ ഭടൻ വർജിൽ വാൻ ഡൈക് തല കൊണ്ട് ഗോൾ ആക്കുമ്പോൾ ആ പന്തിനൊപ്പം ചാടിയ മാഞ്ചെസ്റ്ററിന്റെ ക്യാപ്റ്റനും, അവരുടെ വില കൂടിയ പ്രതിരോധ താരവുമായ ഹെന്രി മൿഗൈറിനും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. തുടർന്നു കളിയുടെ ഗതി വരുതിയിലാക്കിയ ലിവർപൂൾ നിരന്തരം ആക്രമണം തുടർന്നു കൊണ്ടിരുന്നു.
Also Read: നായകൻ വില്ലനായി; ജംഷഡ്പൂരിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
മധ്യനിരയിൽ അധ്വാനിച്ചു കളിച്ച ക്യാപ്റ്റൻ ഹെൻഡേഴ്‌സണും, വൈനാൽദവും പതിവ് പോലെ ലിവർപൂളിന്റെ വിഖ്യാതമായ യുവ വിങ് ബാക്കുകളായ റോബർട്സനെയും അർനോൾഡിനെയും കളം നിറഞ്ഞു കളിയ്ക്കാൻ അവസരമൊരുക്കി. കളിയിലെ താരമായി ഹെന്ഡേഴ്സൺ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. കളിയുടെ 24 -ആം മിനുറ്റിൽ സലാഹ് ഉയർത്തിയടിച്ച നിരുപദ്രവകരം എന്ന് തോന്നിയ പന്ത് വാൻ ഡൈക് മാഞ്ചസ്റ്റർ ഗോൾ കീപ്പർ ഡിഹെആ-യെ തള്ളി മാറ്റി സാദിയോ മാനേയുടെ കാലിൽ എത്തിച്ചു. തുടർന്ന് മാനേ അത് റോബർട്ടോ ഫിർമിഞ്ഞോ-ക്കു നൽകുകയും, ഫിർമിഞ്ഞോ തന്റെ ബ്രസീലിയൻ ചാരുത നിറഞ്ഞ, മഴവില്ലു പോലെ വളഞ്ഞ ഒരു ഷോട്ടിലൂടെ അത് പോസ്റ്റിന്റെ ഒരു കോണിൽ എത്തിക്കുകയും ചെയ്തു. പക്ഷേ വാൻ ഡൈക് ഗോൾ കീപ്പറെ ഫൗൾ ചെയ്തതാണെന്ന് വീഡിയോ അസിസ്റ്റന്റ് റെഫെറിക്ക് തെളിഞ്ഞതോടെ ആ ഗോൾ അസാധുവാക്കി.
നിരാശരാകാതെ, വർധിച്ച ഉത്സാഹത്തോടെ പന്ത് തട്ടിയ ക്ളോപ്പിന്റെ കുട്ടികൾ 35 -ആം മിനുറ്റിൽ വീണ്ടും മാഞ്ചസ്റ്ററിന്റെ ഗോൾ വര താണ്ടി. എന്നാൽ ഇത്തവണ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ആ ഗോളും അനുവദിക്കപ്പെട്ടില്ല. പകുതി സമയത്തിന് തീരാൻ ഒരു മിനിറ്റ് ഉള്ളപ്പോൾ മാനേ ഗോൾ ആക്കിയെന്നു ഉറപ്പിച്ച ഒരു ഷോട്ട് ഡി ഹേഹ കാല് കൊണ്ട് തടുത്ത് മാഞ്ചെസ്റ്ററിനെ കളിയിൽ നിലനിർത്തി.
ഹാഫ് ടൈം കഴിഞ്ഞു മത്സരം പുനരാരംഭിച്ചപ്പോഴും ലിവർപൂൾ തങ്ങളുടെ ആധിപത്യം തുടർന്നു. 46 -ആം മിനുട്ടിൽ തന്നെ ലിവർപൂൾ മാഞ്ചസ്റ്റർ ഗോൾ മുഖം വിറപ്പിച്ചു. റോബർട്സൺ കൊടുത്ത ഒരു ഗ്രൗണ്ട് ക്രോസ്സ് സലാഹ് ഗോൾ മുഖം ലക്ഷ്യമാക്കി തഴുകി വിട്ടത് പക്ഷേ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗോൾ പോസ്റ്റ് താണ്ടി പോയി. 48 -ആം മിനുട്ടിൽ ഹെന്ഡേഴ്സൺ തൊടുത്ത ഒരു ഷോട്ട് ഗോൾ കീപ്പറുടെ കൈയിൽ ഉരസി, പോസ്റ്റിൽ തട്ടി വീണ്ടും പുറത്തേക്കു. ഏതു നിമിഷവും ഗോൾ അടിക്കുമെന്നു തോന്നിച്ച ലിവർപൂളിനു പക്ഷേ രണ്ടാം ഗോൾ അകന്നു നിന്നു. ഇതൊരു അവസരമായി കണ്ട യുണൈറ്റഡ് പതുക്കെ ആത്മവിശ്വാസവും താളവും കണ്ടെത്താൻ തുടങ്ങി. 58 – ആം മിനുറ്റിൽ മാഞ്ചസ്റ്ററിന്റെ ആന്റണി മാർഷ്യൽ- പെരേര സഖ്യം നടത്തിയ നീക്കം ഗോൾ ആവുമെന്ന് തോന്നിച്ചെങ്കിലും മാർഷ്യൽ തൊടുത്ത ഷോട്ട് ഗാലറിയിലേക്ക് കുതിച്ചു.തുടർന്നു മാഞ്ചസ്റ്റർ കളിയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ലിവർപൂൾ മധ്യ നിരയുടെ നിരന്തരമായ ഇടപെടലുകൾ കാരണം ഓലെയുടെ ടീമിന് ലിവർപൂൾ ഗോൾ മുഖം ബേധിക്കാനായില്ല.
— Mohamed Salah (@MoSalah) January 19, 2020
ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗിൽ നടത്തുന്ന ആധിപത്യത്തിന് അടിവര ഇടുന്നു എന്നത് പോലെ ആയിരുന്നു ഇഞ്ചുറി ടൈമിൽ ലിവർപൂൾ കീപ്പർ അലിസൺ നീട്ടി കൊടുത്ത പാസ് മുഹമ്മദ് സലാഹ് ഒറ്റയ്ക്ക് കൊണ്ട് പോയി നേടിയ ഗോൾ. കളിയുടെ അവസാനം വരെ സമനിലയെങ്കിലും പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡിന് മേലുള്ള അവസാന ആണിയും കൂടെയായിരുന്നു സലാഹയുടെ ആ ഗോൾ. ഈ ജയത്തോടു കൂടി 22 മത്സരങ്ങളിൽ 21 -ഉം ജയിച്ചു 64 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമതായി തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 16 പോയിന്റ് മുന്നിലാണ് ക്ളോപ്പിന്റെ ചെമ്പട. ലിവര്‍പൂളുമായി തോറ്റെങ്കിലും 34 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്.
ഈ സീസണിൽ ലിവർപൂൾ ഓരോ മത്സരത്തെയും സമീപിച്ച അതേ പ്രൊഫഷണലിസം തന്നെയാണ് യൂണൈറ്റഡിനെതിരെയും ക്ളോപ്പിന്റെ ഈ അനശ്വര ടീം കാഴ്ച വെച്ചത്. പക്ഷേ മധ്യനിരയിൽ പന്ത് തട്ടി പറിച്ചു മുന്നിലേക്കും വിങ്ങുകളിലേക്കും വ്യാപിപ്പിച്ച്, കളി മെനയാൻ ലിവർപൂൾ മധ്യനിര കാണിച്ച ഉത്സാഹം തന്നെ ആയിരുന്നു ഈ വിജയത്തിന്റെ മുഖമുദ്ര.
Read Here: Liverpool vs Manchester United: ലിവർപൂളും മാഞ്ചെസ്റ്ററും കൊമ്പുകോർക്കുമ്പോൾ