ദുബായ്: ടി20 ലോകകപ്പിൽ സെമിഫൈനലിൽ കടന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായാ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരുക്കേറ്റ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്ക് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും.
മത്സരത്തിൽ റൺസെടുക്കാനുള്ള ശ്രമത്തിനിടയിലാണ് റോയിയുടെ തുടയിലെ പേശികൾക്ക് പരുക്കേറ്റത്. താരത്തിന് ബാക്കി മത്സരങ്ങൾ കളിയ്ക്കാൻ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
ജേസൺ റോയിക്ക് പകരമായി ബാറ്റ്സ്മാൻ ജെയിംസ് വിൻസിനെ ടീമിൽ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അനുമതി നൽകി.
15 പന്തിൽ 20 റൺസുമായി ബാറ്റിംഗ് തുടരുമ്പോഴാണ് റോയിക്ക് പരുക്കേറ്റത്. പരുക്കേറ്റ താരം മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്.
ലോകകപ്പിൽ തുടരാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് റോയ് പറഞ്ഞു. സഹതാരങ്ങൾക്ക് പിന്തുണയുമായി താൻ ഒപ്പം തുടരുമെന്നും കപ്പ് ഉയർത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നെന്നും റോയ് പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും.