ലണ്ടൻ: സ്വന്തം മണ്ണിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കപ്പ് ഉയർത്താമെന്ന ഇംഗ്ലണ്ടിന്റെ മോഹത്തിന് കനത്ത പ്രഹരം. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ പ്രധാന ഫാസ്റ്റ് ബൗളർ ക്രിസ് വോക്ക്സ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറി. ഇന്നലെ ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് ക്രിസ് വോക്ക്സിന് പരിക്കേറ്റത്.

ഇന്ന് നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ വോക്ക്സിന് പരിക്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇദ്ദേഹത്തെ ഒഴിവാക്കിയത്. ഉടൻ തന്നെ ഇത് ചൂണ്ടികാട്ടി ഇസിബി അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ക്രിസ് വോക്ക്സിന്റെ പകരക്കാരനെ ഉടൻ തീരുമാനിക്കുമെന്നും ഇയാൾ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും ഇസിബി അധികൃതർ വ്യക്തമാക്കി.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ക്രിസ് വോക്ക്സ് കളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് എതിരെ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജോ​ റൂട്ടായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ