ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമക്കില്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍. 2006 ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ സാറ 226 മത്സരങ്ങളില്‍ നിന്നായി 6533 റണ്‍സ് നേടിയിട്ടുണ്ട്. വിഷാദ രോഗംമൂലം രാജ്യാന്തര ക്രിക്കറ്റില്‍നിന്നും ഏറെ നാളുകളായി വിട്ടു നില്‍ക്കുകയാണ് സാറ.

”നിലവിലെ മാനസികാവസ്ഥയില്‍ എനിക്ക് കളിക്കാന്‍ സാധിക്കില്ല. മത്സരം ആസ്വദിക്കാന്‍ പോലും എനിക്കാകുന്നില്ല. വളരെ പ്രയാസമുള്ള തീരുമാനമാണെങ്കിലും ഇതാണ് ശരിയായ തീരുമാനം. എന്റെ ആരോഗ്യം പരിഗണിച്ചാണ് തീരുമാനത്തിലെത്തിയത്,” വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് വുമണായ സാറ വിരമക്കില്‍ കുറിപ്പില്‍ പറയുന്നു.

എനിക്കൊപ്പം നിന്ന സഹതാരങ്ങളോടും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോടും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. ഇംഗ്ലണ്ടിനായി ഇത്രനാള്‍ കളിക്കാന്‍ സാധിച്ചത് സ്വപ്‌നതുല്യമായിരുന്നു. 2006 ലെ അരങ്ങേറ്റവും ആഷസ് വിജയവും ലോര്‍ഡ്‌സിലെ ലോകകപ്പ് വിജയമൊന്നും തനിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണെന്നും സാറ വിരമക്കില്‍ പ്രസ്താവനയില്‍ പറഞ്ഞു.

17-ാം വയസില്‍ അരങ്ങേറ്റം കുറിച്ച സാറ മൂന്നു ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. 126 ഏകദിനങ്ങളും 90 ടി20കളും പത്ത് ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിനായി കളിച്ചു. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് സാറയുടെ പേരിലാണ്. 226 പേരെയാണ് സാറ പുറത്താക്കിയത്. ഇംഗ്ലണ്ട് വനിതാ താരങ്ങളുടെ എക്കാലത്തേയും റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് സാറ.

വിഷാദ രോഗത്തെ തുടർന്ന് കഴിഞ്ഞ വനിതാ ആഷസില്‍ നിന്നും സാറ പിന്മാറിയിരുന്നു. 2017 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയതില്‍ സാറയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook