ഓൾഡ് ട്രഫോഡ്: പരമ്പര വിജയികളെ തീരുമാനിക്കുന്ന വിൻഡീസിന്റെ ഇംഗ്ലീഷ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ആതിഥേയർക്ക് മേൽക്കൈ. 172 റൺസിന്റെ ലീഡാണ് വിൻഡീസിനെതിരെ ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 369 റൺസ് പിന്തുടർന്ന വിൻഡീസിന് 197 റൺസിൽ എല്ലാ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

14 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ അനായാസമാക്കിയത്. പേസർമാർ കളംനിറഞ്ഞ മത്സരത്തിൽ ജെയിംസ് ആൻഡേഴ്സൻ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ജോഫ്ര ആർച്ചറും ക്രിസ് വോക്സും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

Also Read: കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ്; പാണ്ഡ്യയുടെയും നടാഷയുടെയും ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി പ്രകടനവുമായി ബാറ്റിങ്ങിലും തിളങ്ങിയ ബ്രോഡ് തന്നെയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിക്കുന്നതിലും പ്രധാന പങ്കുവഹിച്ചത്. ഓപ്പണർ റോറി ബേൻസ് (57), ഒലി പോപ് (91), ജോസ് ബട്‌ലർ (67) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി അർധസെഞ്ചുറി തികച്ചു.

ആദ്യ ദിനം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഒലി പോപ്പും ചേർന്ന് സൃഷ്ടിച്ച 140 റൺസിന്റെ കൂട്ടുകെട്ടാണ് ആതിഥേയരെ കരകയറ്റിയത്. വാലറ്റത്ത് സ്റ്റുവർട്ട് ബ്രോഡിന്റെ വെടിക്കെട്ട് പ്രകടനവും ഇംഗ്ലണ്ടിനെ പ്രതിരോധിക്കാവുന്ന മികച്ച സ്കോറിലെത്തിച്ചു.

Also Read: ‘രണ്ട് പിഴവുകളല്ല, ഏഴ് പിഴവുകൾ’: സിഡ്നി ടെസ്റ്റിലെ ബക്ക്നറുടെ അമ്പയറിങ്ങിനെ വിമർശിച്ച് പത്താൻ

ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഓൾഡ് ട്രഫോഡിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ വിൻഡീസ് അനായാസം ആതിഥേയരെ കീഴ്പ്പെടുത്തിയപ്പോൾ മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയമൊരുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook