ബെർമിങ്ഹാം: കൊറോണ വൈറസിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ലെങ്കിലും സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി കായികരംഗത്തും ഇതിനോടകം തന്നെ പല മത്സരങ്ങളും ടൂർണമെന്റുകളും പുഃനരാരംഭിച്ച് കഴിഞ്ഞു. ഫുട്ബോളിൽ പ്രധാനപ്പെട്ട എല്ലാ ലീഗുകളും തന്നെ മത്സരങ്ങൾ നടത്തുന്നുണ്ട്. ക്രിക്കറ്റിൽ രാജ്യാന്തര തലത്തിൽ നടക്കുന്ന ആദ്യ മത്സരം ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയായിരിക്കും.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് സംഘം 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കി. തിങ്കളാഴ്ചയാണ് താരങ്ങളും സ്റ്റാഫും അടങ്ങുന്ന സംഘം ക്വാറന്റൈൻ പൂർത്തിയാക്കിയത്. വൈകാതെ തന്നെ ടീം പരിശീലനത്തിനിറങ്ങും. അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാഞ്ചസ്റ്ററിൽ ത്രിദ്വിന സന്നാഹ മത്സരം വിൻഡീസ് കളിക്കുന്നുണ്ട്. ജൂൺ 9നാണ് ഇവർ ഇംഗ്ലണ്ടിലെത്തിയത്.
ഇംഗ്ലണ്ട് ടീം അംഗങ്ങളുടെ കോവിഡ് പരിശോധന ഉടൻ നടക്കും. പരിശോധന ഫലം വരുന്നതുവരെ ഇംഗ്ലണ്ട് താരങ്ങളും ഹോട്ടലിൽ നിരീക്ഷണത്തിലായിരിക്കും. ജൂലൈ ഒന്നിനാണ് ആതിഥേയരുടെ സന്നാഹമത്സരം.
രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന മത്സരം ഹാംഷെയ്റിലും ജൂലൈ 16നും 24നും ആരംഭിക്കുന്ന രണ്ടും മൂന്നും മത്സരങ്ങൾ ഓൾഡ് ട്രഫോർഡിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. താരങ്ങളുടെ താമസം, ആശുപത്രി അടക്കമുള്ള വൈദ്യസഹായം എന്നിവ ഉറപ്പാക്കിക്കൊണ്ടാണ് ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Also Read: ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട ആ കിരീട നേട്ടത്തിന് ഇന്ന് ഏഴ് വയസ്
ആദ്യ ടെസ്റ്റിന്റെ ഉദ്ഘാടന ദിവസത്തിന് മുമ്പ്, പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകൾ നാമനിർദേശം ചെയ്ത കോവിഡ് പോരാളികളുടെ പേരുകളുള്ള ജഴ്സിയായിരിക്കും ഇംഗ്ലണ്ട് താരങ്ങൾ അണിയുക. അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, പരിചരണം നൽകുന്നവർ, സാമൂഹ്യ പ്രവർത്തകർ, മറ്റ് സുപ്രധാന ജോലികൾ ചെയ്യുന്നവർ എന്നിവരുടെ പേരുകൾ ജഴ്സിയിൽ ഉണ്ടാകുമെന്ന് ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.