സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ആതിഥേയർക്കെതിരെ കരീബിയൻ പടയ്ക്ക് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 204 റൺസ് വിൻഡീസ് അനായാസം മറികടക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. 23 റൺസ് നേടിയ റോസ്റ്റൻ ചെയ്സും 24 റൺസുമായി ഷെയ്ൻ ഡോറിക്കുമാണ് ക്രീസിൽ.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ അർധസെഞ്ചുറി പ്രകടനമാണ് സന്ദർശകർക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ആറ് ബൗണ്ടറിയടക്കം 65 റൺസാണ് താരം സ്വന്തമാക്കിയത്. 39 റൺസുമായി ഷാമാർ ബ്രൂക്ക്സും മികച്ച പിന്തുണ നൽകി. ജോൺ ക്യാമ്പെൽ 28 റൺസും ഷായ് ഹോപ്പ് 16 റൺസും നേടി പുറത്തായി.
Read Also: ഞങ്ങൾ രണ്ടല്ല, ഒന്നാണ്; ലയനത്തിന് ശേഷവും പഴയ ജേഴ്സിയിൽ തുടരുമെന്ന് എടികെ മോഹൻ ബഗാൻ
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൺഡേഴ്സൻ, ഡൊമിനിക് ബെസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ജോഫ്ര ആർച്ചർ ഒരു വിക്കറ്റും സ്വന്തമാക്കി.
അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണർ ഡൊമിനിക് സിബിലിയെ നഷ്ടമായത് മുതൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ പിഴച്ചു. ജോ ഡെൻലിയും റോറി ബേൺസും പൊരുതി നോക്കിയെങ്കിലും 51 റൺസെടുക്കുന്നതിനിടയിൽ രണ്ട് പേരും പുറത്തായി.
നായകൻ ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഏഴ് ബൗണ്ടറികളടക്കം 43 റൺസ് നേടിയ നായകന് ജോസ് ബട്‌ലറും ഭേദപ്പെട്ട പിന്തുണ നൽകി, 35 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വന്തമാക്കിയത്.