ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ബോളിങ് പ്രകടനം പുറത്തെടുത്ത് കത്തിക്കയറിയ പാക് ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഐസിസിയുടെ നടപടി. ആപ്പിൾ വാച്ച് ധരിച്ച് ക്രിക്കറ്റ് കളിക്കരുതെന്നാണ് ടീമംഗങ്ങളോട് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി അംഗങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ആദ്യ ടെസ്റ്റിൽ ആപ്പിൾ വാച്ച് ധരിച്ചാണ് രണ്ട് താരങ്ങൾ കളത്തിലിറങ്ങിയത്. ഇതേ തുടർന്നാണ് നടപടി. അഴിമതി വിരുദ്ധ സമിതി ഉദ്യോഗസ്ഥൻ ഇന്നലെ തന്നെ കളിക്കിടയിൽ പാക് താരങ്ങളുടെ അടുത്ത് വന്ന് വാച്ച് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് വാച്ച് ഒഴിവാക്കുമെന്ന് താരങ്ങളും ഉറപ്പു നൽകി.

സ്മാർട്ട് വാച്ചുകൾക്ക് മൈതാനത്ത് വിലക്കില്ലെങ്കിലും ഇവയിലെ മറ്റെല്ലാ ഫീച്ചറുകളും ഡീ ആക്ടിവേറ്റ് ചെയ്യണമെന്നാണ്. ആശയവിനിമയ സാധ്യതയുളള യാതൊരു ഉപകരണവും കളിക്കിടയിൽ കൈയ്യിൽ വയ്ക്കാൻ പാടില്ല. ആപ്പിൾ വാച്ചുകൾ ഫോണുകളുമായി ബന്ധിപ്പിച്ചവയാണെന്നും ഫോണിന്റെ എല്ലാ ഉപയോഗങ്ങളും ആപ്പിൾ വാച്ചിലൂടെയും സാധ്യമാകുമെന്നതിനാലുമാണ് തങ്ങൾ വാച്ചുപേക്ഷിക്കാൻ പറഞ്ഞതെന്ന് ഐസിസി വിശദീകരിച്ചു.

ഇന്നലെ ആദ്യ ദിവസം ഇംഗ്ലണ്ട് 184 റൺസിന് ഓൾ ഔട്ടായിരുന്നു. പാക്കിസ്ഥാൻ ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ് കളി അവസാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook