ലോകകപ്പിലെ കലാശപോരാട്ടത്തിന് ശേഷം വീണ്ടും സമനില കുരുക്കിൽ ന്യൂസിലൻഡും ഇംഗ്ലണ്ടും. ഇന്നാൽ ഇത്തവണയും കരുത്ത് കാട്ടി ഇംഗ്ലണ്ട് ജയറിഞ്ഞപ്പോൾ തോൽവിയിൽ നിരാശരാകാനായിരുന്നു കിവികളുടെ വിധി. ഇന്നിങ്സിലും സൂപ്പർ ഓവറിലും തിളങ്ങിയ പുറത്തെടുത്ത ജോണി ബെയർസ്റ്റോയും ക്രിസ് ജോർദാനുമാണ് കൈവിട്ട മത്സരവും പരമ്പരയും ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയർസ്റ്റോയും നായകൻ ഇയാൻ മോർഗനും ചേർന്ന് 17 റൺസ് സ്വന്തമാക്കി. ഇരുവരും ഓരോ സിക്സ് വീതം പറത്തിയാണ് മികച്ച സ്കോർ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ രണ്ടു റൺസ് രണ്ടാം പന്ത് ബൗണ്ടറിയും പായിച്ച സെയ്ഫർട്ട് കിവികൾക്ക് പ്രതീക്ഷ നൽകി. എന്നാൽ മൂന്നാം പന്തിൽ റൺസ് വിട്ടുനൽകാതെ അടുത്ത പന്തിൽ സെയ്ഫർട്ടിനെ പുറത്താക്കി ജോർദാൻ വീണ്ടും ഇംഗ്ളണ്ടിന്റെ രക്ഷകനായി.

നേരത്തെ 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇരു ടീമുകളും 146 റൺസ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് വേണ്ടി മാർട്ടിൻ ഗുപ്റ്റിൽ കോളിൻ മുൻറോ എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ അഞ്ചു സിക്സും മൂന്ന് ഫോറും ഉൾപ്പടെ 50 റൺസാണ് ഗുപ്റ്റിൽ അടിച്ചെടുത്തത്. 21 പന്തിൽ 46 റൺസ് നേടി കോളിൻ മുൻറോയും 16 പന്തിൽ 39 റൺസ് നേടി ടിം സെയ്ഫർട്ടും മികച്ച പിന്തുണ നൽകിയതോടെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ കിവികൾ 146 എന്ന സ്കോറിലെത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 9 റൺസെടുക്കുന്നതിനിടയിൽ സന്ദർശകർക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. കൃത്യമായ ഇടവേളകളിൽ കിവികൾ ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയതോടെ ആതിഥേയർ ജയം ഉറപ്പിച്ചതാണ്. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ജോണി ബെയർസ്റ്റേയും അവസാന ഓവറിൽ വെടിക്കെട്ടുമായി ക്രിസ് ജോർദാനുമെത്തിയതോടെ മത്സരം സമനിലയിൽ എത്തി. അവസാന മൂന്ന് പന്തുകൾ മാത്രം നേരിട്ട ക്രിസ് ജോർദാൻ ഒരു ഫോറും സിക്സും ഉൾപ്പടെ 12 റൺസ് നേടിയതാണ് മത്സരം സമനിലയിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook