ടെസ്റ്റ് ക്രിക്കറ്റിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചിറങ്ങിയ അയർലണ്ടിന് തിരിച്ചടി. 182 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അയർലണ്ടിനെ ഇംഗ്ലണ്ട് 38 റൺസിനാണ് പുറത്താക്കിയത്. അയലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 143 റൺസിന്റെ വിജയവും. ആറ് വിക്കറ്റെടുത്ത ക്രിസ് വോക്സും നാല് വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡുമാണ് അയലണ്ടിനെ ചെറിയ സ്കോറിലൊതുക്കിയത്.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 303 റൺസിൽ അവസാനിച്ചിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ ജാക്ക് ലീച്ചിന്റെയും ജേസൺ റോയിയുടെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ അയർലണ്ട് ബോളർമാർ കൂടുതൽ റൺസ് വിട്ടു നൽകുകയും ചെയ്തു.
എന്നാൽ ആദ്യ ഇന്നിങ്സിൽ നേടിയ ലീഡിന്റെ ആനുകൂല്യത്തിൽ 182 റൺസായി അയലണ്ടിന്റെ വിജയലക്ഷ്യം. തങ്ങളുടെ ആദ്യ ടെസ്റ്റ് ജയം ക്രിക്കറ്റിന്റെ കളിതൊട്ടലായ ലോർഡ്സിലെന്ന് ഉറപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ അയർലണ്ട് താരങ്ങൾക്ക് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ടീം സ്കോർ 11 റൺസിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായ അയർലണ്ടിന് അടുത്ത 27 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ബാക്കി ഒമ്പത് വിക്കറ്റും നഷ്ടമാവുകയായിരുന്നു.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറിനാണ് അയർലണ്ട് പുറത്തായത്. നേരത്തെ ആഷസ് ടെസ്റ്റ് പരമ്പരക്ക് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെ ടെസ്റ്റിലെ കുഞ്ഞന്മാരായ അയലണ്ടിനോട് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് 85 റൺസിന് പുറത്തായിരുന്നു.