ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റിൽ തന്നെ രണ്ടാമത്തെ റെക്കോർഡും സ്വന്തം പേരിലാക്കി ജസ്പ്രീത് ബുംറ. ഇത്തവണ കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡാണ് താരം തകർത്തിരിക്കുന്നത്. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ നാലാം ദിനം ഒരു വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ബുംറ.
1981-82 പരമ്പരയിൽ കപിൽ ദേവ് 22 വിക്കറ്റ് നേടിയപ്പോൾ, ബുംറ ഈ പരമ്പരയിൽ ഇതിനകം 23 വിക്കറ്റുകൾ നേടി. 19 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറാണ് പട്ടികയിൽ മൂന്നാമത്.
എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം, ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ കപിൽ ദേവിന്റെ റെക്കോർഡ് പഴങ്കഥ ആക്കിയത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിൽ 100 വിക്കറ്റ് നേടുന്ന തരാമെന്ന മറ്റൊരു നാഴികക്കല്ല് കൂടി ബുംറ പിന്നിട്ടു. അനിൽ കുംബ്ലെ (141), ഇഷാന്ത് ശർമ (130), സഹീർ ഖാൻ (119), മുഹമ്മദ് ഷാമി (119), കപിൽ ദേവ് (119) എന്നിവർക്ക് പുറമെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ബൗളറും അഞ്ചാമത്തെ ഇന്ത്യൻ പേസറുമാണ് ബുംറ.
നേരത്തെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സ്റ്റുവർട്ട് ബോർഡിന്റെ ഓരോവറിൽ 35 റൺസ് നേടി ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ബുംറ സ്വന്തമാക്കിയിരുന്നു. ബ്രയാൻ ലാറയുടെ റെക്കോർഡാണ് ബുംറ തകർത്തത്.
1987 മാർച്ചിൽ കപിൽ ദേവ് സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ കൂടിയാണ് ബുംറ. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ കൊവിഡും വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും പുറത്തായതോടെയാണ് ബുംറ ക്യാപ്റ്റൻ കുപ്പായം അണിഞ്ഞത്, എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഒരു ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ബുംറയുടെ ആദ്യ ടെസ്റ്റാണ്.
ഈ വർഷം ആദ്യം, ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ബുംറയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
Also Read: ‘അമ്പമ്പോ ഇത് കപിലോ’; നടരാജ ഷോട്ട് ഓർമിപ്പിച്ച് ബുംറയുടെ പുൾ