ലണ്ടൻ: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 86 റൺസിന്റെ വമ്പൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടി. സെഞ്ച്വറി നേടിയ ജോ റൂട്ടിന്റേയും അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റേയും വില്ലിയുടേയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ജോ റൂട്ട് എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കം 113 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി സ്പിന്നർ കുൽദീപ് യാദവ് പത്ത് ഓവറിൽ 68 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 45 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്ലിയും 46 റൺസ് നേടിയ സുരേഷ് റൈനയുമാണ് ഇന്ത്യേ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അതേസമയം ഏകദിന ക്രിക്കറ്റിൽ പതിനായിരം റണ്‍സ് ക്ലബിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇടംനേടി. ഇംഗ്ലണ്ടിനെതിരെ 33 റണ്‍സ് നേടിയപ്പോഴാണ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ താരമാണ്.
നേരത്തെ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. 319 മത്സരങ്ങളിൽ നിന്നാണ് ധോണിയുടെ നേട്ടം. 10,000 റണ്‍സ് ക്ലബിൽ എത്തുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ഇതോടെ ധോണിയായി. സങ്കക്കാരയാണ് ധോണിക്ക് മുന്നിലുള്ളത്.
10000 റൺസ് ക്ലബ്ബിൽ ഇടം പിടിക്കുമ്പോൾ ധോണിയുടെ പ്രായം 37 വയസും 7 ദിവസവുമാണ്. ഇതോടെ ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളികാരനായും അദ്ദേഹം മാറി. 38 വയസും, 285 ദിവസവും പ്രായമുള്ളപ്പോൾ 10000 ക്ലബ്ബിലെത്തിയ ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനും, 37 വയസും 228 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയുമാണ് ധോണിയേക്കാൾ പ്രായമുള്ള 10000 റൺസ് ക്ലബ്ബ് അംഗങ്ങൾ.