സോൾ: ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് കിരീടം. ഫൈനലിൽ 1-0 ന് വെനസ്വേലയെ കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ആദ്യ പകുതിയുടെ 35ാം മിനിറ്റിൽ എവർട്ടൺ സ്ട്രൈക്കർ ഡൊമിനിക് കാർവർട്ട് ലെവിൻ നേടിയ ഗോളാണ് ഇംഗ്ലണ്ട് അണ്ടർ 20 ടീമിന് ആദ്യ ലോകകിരീടം സമ്മാനിച്ചത്.

1966 ന് ശേഷം ഫുട്ബോളിൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. 1966ല്‍ നേടിയ ലോകകപ്പാണ് ഇംഗ്ലണ്ടിന്റെ അവസാന നേട്ടം. അഞ്ച് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോക ടൂർണമെന്റിന്റെ ഫൈനൽ കളിച്ചത്. സെമിയിൽ എതിരാളിയായ ഇറ്റലിയെ 3–1നു തകർത്താണ് ഇംഗ്ലണ്ട് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വെനസ്വേലയുടെ പെനാല്‍റ്റി കിക്ക് തടഞ്ഞ ഗോളി ഫ്രെഡ്ഡി വുഡ്മാനും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 73–ാം മിനിറ്റിൽ വെനസ്വേലയുടെ മലാഗ താരം അഡൽബെർട്ടോ പെനറാൻഡയെ കൈൽ വാൽകർ പീറ്റേഴ്സ് പെനൽറ്റി ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. പെനറാൾഡെ എടുത്ത കിക്ക് വൂഡ്മാൻ തട്ടിയകറ്റിയതോടെ ഇംഗ്ലീഷ് പടയ്ക്ക് ശ്വാസം വീണു.

ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും ഫ്രെഡ്ഡി വുഡ്മാൻ നേടി. ലോകകപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വെനസ്വേലൻ ഫുട്ബോൾ ടീമിനും ഇത് ചരിത്രനേട്ടമാണ്. ആദ്യമായാണ് വെനസ്വേല ഒരു ഫിഫ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ