16 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം പാക്കിസ്ഥാൻ പര്യടനം നടത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. അടുത്ത വർഷമാണ് രണ്ട് മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് ടീം പാക്കിസ്ഥാനിലേക്ക് പോകുക. 2021 ഒക്‌ടോബർ 14, 15 ദിവസങ്ങളിലായാണ് രണ്ട് ടി 20 മത്സരങ്ങൾ. ഒക്‌ടോബർ 12 ന് ഇംഗ്ലണ്ട് ടീം പാക്കിസ്ഥാനിലെത്തും. 2005 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകുന്നത്. കറാച്ചിയിലാണ് രണ്ട് ടി 20 മത്സരങ്ങളും നടക്കുക.

ടി 20 പരമ്പരയ്‌ക്ക് ശേഷം ഇരു ടീമുകളും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ടി 20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക. ടി 20 ലോകകപ്പിൽ പങ്കെടുക്കുന്നതിനായാണ് ഇരു ടീമുകളും ഇന്ത്യയിലെത്തുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Read Also: ഇസ്‌ലാമിക് സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യത്തെ അമുസ്‌ലിം; ശുഭം യാദവിനെ അറിയാം

പിസിബിയുമായി (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) ഞങ്ങൾക്ക് ആഴത്തിലുള്ള ബന്ധമുണ്ട്, ഇത്രയും ആവേശമുള്ള ക്രിക്കറ്റ് ആരാധകരുടെ രാജ്യത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിൽ ഞങ്ങൾക്ക് പങ്കുവഹിക്കാൻ സാധിച്ചാൽ അതിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സന്തുഷ്‌ടരാണ്,” ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസൺ പറഞ്ഞു. തങ്ങളുടെ ടീമിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇസിബി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ട് ടീമിന്റെ വരവ് ഭാവിയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് വിലയിരുത്തുന്നത്. പാക്കിസ്ഥാനുമായി അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ട് ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും പാക് മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിന്റെ പാക് പര്യടനം ഇതിൽ മാറ്റം വരുത്തുമെന്നാണ് അവരുടെ വിശ്വാസം. 2022-23 സീസണിൽ കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകാൻ സാധിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാൻ ഇതുവഴി സാധിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook