രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം എം.എസ്.ധോണിയെ കുറിച്ച് പറയുമ്പോൾ മറ്റു ടീം അംഗങ്ങൾക്ക് പോലും നൂറ് നാവാണ്. ധോണിക്കൊപ്പം കളിച്ചതിൽ ഏറെ അഭിമാനിക്കുന്ന താരങ്ങളാണ് പലരും. ആർക്കും പിടികൊടുക്കാത്ത സൂത്രശാലിയായ നായകനും താരവുമാണ് ധോണിയെന്നാണ് മറ്റ് ടീം താരങ്ങൾ പോലും വിലയിരുത്തുന്നത്. എന്നാൽ, താൻ ധോണിയെ പറ്റിച്ച സംഭവം വിവരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സ്‌പിൻ ബോളറായിരുന്നു പനേസർ.
എതിർ ടീം അംഗങ്ങളെ കെണിയിൽ വീഴ്‌ത്താൻ ധോണിയെന്ന നായകൻ സ്‌റ്റംപിന് പിന്നിൽ നിന്നു ഹിന്ദിയിൽ നിർദേശങ്ങൾ നൽകുന്നതിനെ കുറിച്ചാണ് പനേസർ സംസാരിച്ചത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കരുതി സ്വന്തം ടീം അംഗങ്ങൾക്ക് ധോണി ഹിന്ദിയിൽ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, തനിക്ക് ഹിന്ദി അറിയാമായിരുന്നു എന്നും ധോണിക്ക് മുൻപിൽ ഹിന്ദി അറിയില്ലെന്ന തരത്തിൽ പലപ്പോഴും അഭിനയിക്കുകയായിരുന്നെന്നും പനേസർ പറഞ്ഞു. ‘ടെെംസ് ഓഫ് ഇന്ത്യ’യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് പനേസർ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: 130 കോടി ജനങ്ങളെ നിരാശരാക്കി; മോദിയുടെ കത്ത്, നന്ദി അറിയിച്ച് ധോണി
“ഇന്ത്യൻ വിക്കറ്റ് കീപ്പറും നായകനുമായ ധോണി തന്റെ ടീം ബോളർമാർക്ക് ഒരു പ്രത്യേക രീതിയിൽ പന്തെറിയാൻ നിരന്തരം നിർദേശം നൽകാറുണ്ട്. സ്‌പിന്നർമാർക്കാണ് അദ്ദേഹം കൂടുതൽ കുതന്ത്രങ്ങൾ പറഞ്ഞുകൊടുക്കുക. ഹിന്ദിയിലായിരിക്കും എല്ലാം. ബാറ്റ്‌സ്‌മാൻമാർക്ക് ഹിന്ദി അറിയില്ലെന്ന് കരുതിയാണ് അദ്ദേഹം ഹിന്ദിയിൽ തന്നെ നിർദേശങ്ങൾ നൽകുന്നത്. എന്നാൽ, എനിക്ക് ഹിന്ദിയും പഞ്ചാബിയും നന്നായി അറിയാം. ഞാൻ അറിയാത്തതുപോലെ ധോണിക്ക് മുന്നിൽ അഭിനയിക്കുകയാണ് സ്ഥിരം ചെയ്യാറുള്ളത്. ഹിന്ദി എനിക്ക് മനസിലായിട്ടില്ലെന്നാണ് ധോണി കരുതിയത്. ഞാൻ എല്ലാം കേട്ടു, പക്ഷേ ഞാൻ ഒന്നും കേൾക്കുന്നില്ല എന്ന മട്ടിൽ നിൽക്കുകയായിരുന്നു. ഇങ്ങനെ ധോണി നൽകുന്ന നിർദേശങ്ങൾ അനുസരിക്കുന്ന ബോളർമാർക്ക് വിക്കറ്റുകൾ കിട്ടാറുണ്ട് ! അദ്ദേഹത്തിനൊപ്പം കളിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു” പനേസർ പറഞ്ഞു.