രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ട് അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് അടുത്ത കാലത്തായി പുറത്തെടുക്കുന്നത്. അതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് അവരുടെ റൊട്ടേഷൻ നയമാണ്. താരങ്ങൾക്ക് കൃത്യമായ ഇടവേളയും അവസരവും ലഭിക്കുന്ന ഈ റൊട്ടേഷൻ നയം എന്നാൽ ഒരുപാട് വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. അതേസമയം, ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇത് ടീമിന് ഗുണം മാത്രമേ ചെയ്യൂവെന്ന് മുതിർന്ന പേസർ ജെയിംസ് ആൻഡേഴ്സൺ പറയുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ജോണി ബെയർസ്റ്റോയെയും മാർക്ക് വുഡിനെയും അവസാന മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഇത് റൊട്ടേഷന്റെ ഭാഗമായാണ്. അതേസമയം, ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

“റൊട്ടേഷൻ ഗുണമേ ചെയ്യൂ. കൃത്യമായ വിശ്രമത്തിന് ശേഷം ഫിറ്റ്നസോടുകൂടി അടുത്ത മത്സരത്തിന് തയ്യാറാകാൻ സാധിക്കും. പുതുമ നിലനിർത്താനും സാധിക്കും. ഒരു പരിധിവരെ നിരാശാജനകമാണ്, പക്ഷേ ഞങ്ങൾക്ക് ലഭിച്ച ക്രിക്കറ്റിന്റെ അളവിലുള്ള വലിയ ചിത്രം എനിക്ക് കാണാൻ കഴിയും.” ആൻഡേഴ്സൺ പറഞ്ഞു.

Read Also: ഐപിഎല്ലിൽ എടുക്കാത്തവർക്ക് മറുപടി; അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീശാന്ത്

അതേസമയം, ഇന്ത്യയിലെ പിച്ചുകൾ മോശമാണെന്ന വിമർശനങ്ങൾക്കിടെ വ്യത്യസ്‌ത അഭിപ്രായ പ്രകടനവുമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്. ഇന്ത്യയിലെ പിച്ചുകൾ സ്‌പിന്നിന് അനുകൂലമാണെന്നും അത് ഇന്ത്യയ്‌ക്ക് ആധിപത്യം ലഭിക്കാൻ വേണ്ടിയാണെന്നും ഇംഗ്ലണ്ട് താരങ്ങൾ തന്നെ പറയുമ്പോഴാണ് സ്റ്റോക്‌സിന്റെ വളരെ വ്യത്യസ്‌തമായ അഭിപ്രായപ്രകടനം. ടെസ്റ്റ് താരങ്ങൾ എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറായിരിക്കണമെന്ന് സ്റ്റോക്‌സ് പറഞ്ഞു.

ഫെബ്രുവരി 24നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ സമനില പാലിക്കുകയാണ്. അതോടൊപ്പം ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികളെയും തീരുമാനിക്കുന്ന പരമ്പരയായതിനാൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഏറെ നിർണായകമാണ്. അഹമ്മദാബാദിലെ ആദ്യ ടെസ്റ്റ് രാപകൽ മത്സരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook