ആഷസ് പരമ്പരിയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ പ്രകടനം ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഓസ്‌ട്രേലിയ നേടിയ 179 റണ്‍സ് ഇംഗ്ലണ്ടിന് വെല്ലുവിളിയായിരുന്നില്ല. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്തുമില്ല. ഒന്നാം ഇന്നിങ്‌സില്‍ നല്ലൊരു ടോട്ടല്‍ നേടാന്‍ സഹായകമായതെല്ലാം ഇംഗ്ലണ്ടിന് മുന്നിലുണ്ടായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. 67 റണ്‍സ് മാത്രമെടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 112 റണ്‍സിന്റെ ലീഡ്. നാണക്കേടിന്റെ ഒരു റെക്കോര്‍ഡും ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലെത്തി. 1948 ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
ഓസ്‌ട്രേലിയയുടെ മികച്ച ബോളിങ്ങും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് കളഞ്ഞ് കുളിക്കുന്നതില്‍ മത്സരിക്കുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് മുഖം പൊത്തേണ്ട അവസ്ഥ. ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് ജോ ഡെന്‍ലി മാത്രമാണ്.
ഒമ്പത് റണ്‍സിന് ജെയ്‌സന്‍ റോയി പുറത്താകുന്നതോടെയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച തുടങ്ങുന്ത്. പിന്നാലെ തന്നെ ജോ റൂട്ടും റോറി ബേണ്‍സും ബെന്‍ സ്‌റ്റോക്‌സും റോയിക്കൊപ്പം ഡ്രസ്സിങ് റൂമിലെത്തി. അവസരത്തിനൊത്ത് ഉയര്‍ന്ന് ടീമിനെ രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
ജോഷ് ഹെയ്‌സല്‍വുഡിന്റേയും ജെയിംസ് പാറ്റിന്‍സണിന്റേയും പന്തുകളെ നേരിടാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. അഞ്ച് വിക്കറ്റ് നേടിയ ഹെയ്‌സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും പാറ്റിന്‍സന്‍ രണ്ട് വിക്കറ്റുമെടുത്തു. നഥാന്‍ ലിയോണിനെ കാര്യമായി ഉപയോഗിക്കേണ്ടി വന്നതുമില്ല.